സ്വന്തം ലേഖകൻ: ആരോഗ്യ രംഗത്തെ വിവിധ ആവശ്യങ്ങൾക്കായി മന്ത്രാലയത്തിനു കീഴിൽ വികസിപ്പിച്ച് ഉപയോഗത്തിലുണ്ടായിരുന്ന മൂന്ന് ആപ്ലിക്കേഷനുകൾ ‘സിഹ്ഹത്തീ’ എന്ന ഒറ്റ ആപ്പിലേക്ക് ലയിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. നേരത്തെ നിലവിലുണ്ടായിരുന്ന ‘സിഹ്ഹ’, ‘തത്മൻ’, ‘മൗഇദ്’ ആപ്ലികേഷനുകളിൽ ലഭ്യമായിരുന്ന സേവനങ്ങളാണ് ഇനി മുതൽ സിഹ്ഹത്തീ എന്ന ആപ്പിൽ ലഭ്യമാകുക.
പ്രവാസികൾക്കും സ്വദേശികൾക്കും ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഏകീകരിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് ഐസലേഷനിലേക്ക് മാറ്റപ്പെടുന്ന രോഗിയുടെ ആശങ്കകൾ അകറ്റുന്നതിനും ആരോഗ്യസ്ഥിതിയും സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതും വേണ്ടി വികസിപ്പിച്ച ആപ്പായിരുന്നു ‘തത്മൻ’.
പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗജന്യ സേവനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യാവശ്യങ്ങൾക്ക് അപ്പോയിമെൻറ് നേടുന്നതിനും ഡോക്ടർമാരെ ബുക്ക് ചെയ്യുന്നതിനും ഉപയോഗിച്ചിരുന്ന ആപ്പായിരുന്നു ‘മൗഇദ്’. ‘സിഹ്ഹ’ ആപ്പിലൂടെ അംഗീകൃതവും വിശ്വസ്‌തവുമായ ഡോക്ടർമാരുമായി ഓഡിയോ, വിഡിയോ ചാറ്റുകൾ, ടെക്സ്റ്റ് ചാറ്റ് എന്നിവയാണ് ലഭ്യമായിരുന്നു. ഈ സേവനങ്ങളെല്ലാം ഇനി മുതൽ ‘സിഹ്ഹത്തീ’ യിലൂടെ ലഭ്യമാകും. ആപ്ലികേഷൻ ഈ ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. https://sehaty.sa/en/home.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല