സ്വന്തം ലേഖകന്‍: വിദേശികളായ എഞ്ചിനീയര്‍മാര്‍ക്ക് സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബിരുദ പഠനം കഴിഞ്ഞാലുടനെ സൗദിയില്‍ ജോലിക്കെത്തുന്ന വിദേശി എഞ്ചിനിയര്‍മാര്‍ രാജ്യത്തെ പല പദ്ധതികളുടെയും ഗുണനിലവാരത്തെയും കാര്യക്ഷമതയേയും ബാധിക്കുകയും അധിക സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യുന്നതിനാലാണ് പുതിയ തീരുമാനം. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് ആണ് പുതിയ തീരുമാനത്തിനു പിന്നില്‍.
കൗണ്‍സിലിന്റെ ഈ തീരുമാനം സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് നായിഫ് രാജകുമാരന്റെ നിര്‍ദേശ പ്രകാരമാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം സൗദിയിലെത്തി നിര്‍മാണ പദ്ധതികളില്‍ പ്രവര്‍ത്തന പരിചയം നേടിയെടുക്കുന്ന പ്രവണത വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ നയപ്രകാരം സൗദിലെത്തുന്ന വിദേശ എഞ്ചിനീയര്‍മാര്‍ കൗണ്‍സില്‍ നടത്തുന്ന പരീക്ഷ പാസാവുകയും അഭിമുഖത്തിന് ഹാജരാവുകയും വേണം.
പ്രവര്‍ത്തനപരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നതിനാല്‍ രാജ്യത്തിന് അമിത സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന് കൗണ്‍സില്‍ മേധാവി ജമീല്‍ അല്ബക്ക് ആവി വ്യക്തമാക്കി. അതിനുപുറമേ വിദേശ എഞ്ചിനീയര്‍മാര്‍ സൗദിലെത്തുന്നതിനാല്‍ സ്വദേശികളായ ബിരുദദാരികള്‍ക്ക് അവസരം നഷ്ടമാകുകയും ചെയ്യുന്നുവെന്നാണ് കൗണ്‍സിലിന്റെ നിരീക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല