സ്വന്തം ലേഖകന്‍: സൗദി, യെമന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മലയാളി ഉള്‍പ്പെടെ മൂന്നു മരണം. സൗദിക്കും യെമനും ഇടക്കുള്ള ജിസാനിലെ സാംതയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഒരു മലയാളിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടത്. രണ്ട് മലയാളികളും നാല് സൗദി പൗരന്മാരുമടക്കം 28 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തലശ്ശേരി സ്വദേശിയും കൊച്ചി മട്ടാഞ്ചേരി പനയപ്പിള്ളി തായലകളത്തില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് ഫാറൂഖാണ് മരിച്ചത്. അമ്പത്തിരണ്ടൂ വയസുള്ള ഫാറൂഖ് 24 വര്‍ഷമായി സൗദിയിലെ സ്വകാര്യകമ്പനിയില്‍ ടെക്നീഷ്യനാണ്. 10 മാസം മുമ്പ് നാട്ടില്‍ വന്നിരുന്നു.
മരിച്ച മറ്റുരണ്ടുപേര്‍ ബംഗാളികളാണ്. മരണ വിവരം ജിസാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് യഹ്യ ബിന്‍ അബ്ദുള്ള കഹ്താനി സ്ഥിരീകരിച്ചു. എന്നാല്‍, നാലുപേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇലക്ട്രീഷ്യനായ തിരുവല്ല സ്വദേശി സണ്ണി, മരിച്ച മുഹമ്മദ് ഫാറൂഖിന്റെ ബന്ധുവുവായ ഹിഷാം എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായി ഹൂതികള്‍ സൗദിയിലേക്ക് ഷെല്‍ വര്‍ഷം നടത്തുകയായിരുന്നു. ജിസാന്‍ നഗരത്തില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സാംത.
മേഖലയിലെ താമസക്കാരില്‍ 90 ശതമാനവും മലയാളികളാണ്. സമീപത്തുള്ള ആശു?പത്രിയിലെ ജീവനക്കാരുടെ കുടുംബങ്ങളാണ് മിക്കവാറും താമസക്കാര്‍.
ഷെല്‍ പതിച്ച ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു ഷെല്‍ പതിച്ച് മുഹമ്മദ് ഫാറൂഖ് മരിച്ചത്. വിവാഹിതയായ മൂത്തമകള്‍ ഫാഹിദ ഒഴിച്ച് മറ്റു നാളു പെണ്‍കുട്ടികളും ഭാര്യ നാദിറയും സാംതയില്‍ ഫാറൂഖിന്റെ കൂടെയാണ് താമസം. ഇവര്‍ സുരക്ഷിതരാണ്.
സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ സൗദി പട്ടാളം മലയാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല