സ്വന്തം ലേഖകൻ: വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ സിവില്‍ ഡിഫന്‍സ് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കൊമേഴ്സ്യല്‍ ലൈസന്‍സുകള്‍ പുതുക്കാന്‍ ഇനി മുതല്‍ കാലാവധിയുള്ള സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സൗദി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.
വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കാന്‍ ഫെബ്രുവരി 20 മുതല്‍ സിവില്‍ ഡിഫന്‍സ് ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. സിവില്‍ ഡിഫന്‍സ് അധികാരുടെ മാര്‍ഗനിര്‍ദേശപ്രകാരം സുരക്ഷാ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സ് ലഭിക്കുക. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളിലെത്തി പരിശോധിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. സിവില്‍ ഡിഫന്‍സ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ വേഗത്തിലും എളുപ്പത്തിലും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാവുന്നുണ്ട്. 2023 മേയ് മാസം മുതലാണ് ‘സലാമ’ പോര്‍ട്ടല്‍ വഴി വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന സംവിധാനത്തിന് സിവില്‍ ഡിഫന്‍സ് തുടക്കമിട്ടത്.
സുരക്ഷാ ഉപകരണങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, സ്ഥാപനങ്ങളുടെ ഫയലിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തല്‍, സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഇഷ്യു ചെയ്യല്‍, സുരക്ഷാ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടിങ് എന്‍ജിനീയറിങ് ഓഫീസുകള്‍ക്കും അംഗീകാരം നല്‍കല്‍ എന്നീ സേവനങ്ങളാണ് ഈ പോര്‍ട്ടല്‍ വഴി ലഭ്യമാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല