സ്വന്തം ലേഖകന്‍: ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍. സൗദിയില്‍നിന്നു 3 വര്‍ഷം മുന്‍പു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്.
വെര്‍ജീനിയയിലെ ഫെയര്‍ഫാക്‌സില്‍ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റര്‍ അകലെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ കഴിഞ്ഞ 24നു കണ്ടെത്തിയത്. അരക്കെട്ടും ചെരിപ്പുകളും കൂട്ടിക്കെട്ടി ടേപ്പ് ഒട്ടിച്ചിരുന്നു.
യുഎസില്‍ രാഷ്ട്രീയ അഭയം അഭ്യര്‍ഥിച്ച് ഇരുവരും അടുത്തിടെ അപേക്ഷ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൃതദേഹം കിട്ടിയതിനു തലേന്ന്, കുടുംബത്തോടു നാട്ടിലേക്കു തിരികെപ്പോകാനാവശ്യപ്പെട്ടു സൗദി എംബസിയില്‍നിന്നു ഫോണ്‍ വിളിയെത്തിയിരുന്നതായി ഇവരുടെ മാതാവ് പറയുന്നു.
ഫെയര്‍ഫാക്‌സിലെ അഭയകേന്ദ്രത്തില്‍നിന്ന് ഓഗസ്റ്റ് 24 മുതല്‍ മക്കളെ കാണാതായിരുന്നതായും വെളിപ്പെടുത്തി. ഇതിനുശേഷമുള്ള 2 മാസം സഹോദരിമാര്‍ക്ക് എന്തു സംഭവിച്ചെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ഇവരുടെ സഹോദരന്‍ വാഷിങ്ടനില്‍ താമസിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല