സ്വന്തം ലേഖകൻ: സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള പ്രഫഷനൽ പരീക്ഷയുടെ ആദ്യഘട്ടം ആരംഭിച്ചു. വിദഗ്ധ ജോലികളിലെ തൊഴിലാളികൾക്ക് ജോലിക്കാവശ്യമായ കഴിവുകളുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് പ്രഫഷനൽ പരീക്ഷ ഒരുക്കിയിരിക്കുന്നത്. നാല് മാസം മുമ്പാണ് ഇതുസംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ പ്രഖ്യാപനമുണ്ടായത്.
ജൂലൈ ഒന്നു മുതൽ ആദ്യഘട്ടം ആരംഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ വലുപ്പക്രമമനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലേയും വിദഗ്ധ ജോലിയിലുള്ളവരെ പരിശോധനക്ക് വിധേയമാക്കുന്നതാണ് പദ്ധതി. അവസാനഘട്ടം 2022 ജനുവരി ആദ്യത്തിലായിരിക്കും. പുതിയ വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് അവരവരുടെ രാജ്യത്ത് വെച്ച് തന്നെ തെരെഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കൂ.
സൗദി തൊഴിൽവിപണിയിലെ മാനവശേഷിയുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് മാനവ വിഭവശേഷി ഡെപ്യൂട്ടി മന്ത്രി അബ്്ദുല്ല ബിൻ നാസർ അബു തനിൻ പറഞ്ഞു. യോഗ്യതയില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുക, വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അന്താരാഷ്്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കുക എന്നതാണ് പ്രഫഷനൽ പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലാളിക്ക് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതാണ് പ്രഫഷനൽ പരീക്ഷ പരിപാടി. സ്പെഷലൈസേഷൻ മേഖലയിൽ പ്രാക്ടിക്കൽ, തിയറിറ്റിക്കൽ എന്നീ രണ്ട് പരീക്ഷകളുണ്ടാകും. 23 പ്രഫഷനൽ വിഭാഗത്തിൽപെടുന്ന ആയിരത്തിലധികം പ്രത്യേക തൊഴിലുകളെയാണ് ലക്ഷ്യമിടുന്നത്.
രണ്ട് തരത്തിലാണ് പരീക്ഷ നടത്തുക. തൊഴിലാളികൾ രാജ്യത്തേക്ക് വരുന്നതിനുമുമ്പ് അന്താരാഷ്്ട്ര പരീക്ഷാകേന്ദ്രങ്ങളുമായി സഹകരിച്ച് അവരുടെ രാജ്യങ്ങളിൽ വെച്ച് പരീക്ഷ നടത്തുന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് പ്രാദേശിക പരീക്ഷാകേന്ദ്രങ്ങളുമായി സഹകരിച്ച് നിലവിൽ സൗദിയിലുള്ള പ്രഫഷനൽ തൊഴിലാളികളുടെ പരീക്ഷയാണ്. മൂവായിരമോ അതിലധികമോ തൊഴിലാളികളുള്ള വലിയ സഥാപനങ്ങളിൽനിന്നാണ് ആദ്യഘട്ടം ആരംഭിക്കുന്നത്.
പിന്നീട് 500 മുതൽ 2999 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ സ്ഥാപനങ്ങൾ. 50 മുതൽ 499 വരെ തൊഴിലാളികളുള്ള ഇടത്തരം സ്ഥാപനങ്ങൾ. അവസാനമായി ആറു മുതൽ 49വരെ തൊഴിലാളികൾ ജോലിചെയ്യുന്ന ചെറുകിട സംരംഭങ്ങൾ. സ്ഥാപനങ്ങൾക്ക് പ്രോഗ്രാമിെൻറ പ്രയോജനം നേടാൻ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് (പ്രഫഷനൽ പരീക്ഷ) പ്രവേശിക്കാവുന്നതാണ്.
അതിലൂടെ തൊഴിലാളികൾക്കായി പരീക്ഷക്ക് ബുക്ക് ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കാനും തുടർന്ന് നിർദിഷ്്ട കേന്ദ്രത്തിൽ തൊഴിലാളിയെ പരീക്ഷക്കിരുത്താനും സാധിക്കുമെന്ന് മാനവ വിഭവശേഷി ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ 2021 മാർച്ചിലാണ് ഏഴിനാണ് തൊഴിൽ പരീക്ഷാ പദ്ധതി പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല