സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യംവിടാനുമുള്ള തൊഴിൽ നിയമ ഭേദഗതി പ്രാബല്യത്തിലായി. റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവയ്ക്കും വിദേശ തൊഴിലാളികൾക്കു നേരിട്ട് അപേക്ഷിക്കാം. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് മൂലം തൊഴിൽ ഭീഷണി നേരിടുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഭേദഗതി.
ഈ വിഭാഗക്കാർക്ക് സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്കു ജോലി മാറാൻ ഈ അവസരം വിനിയോഗിക്കാം. കൂടുതൽ വിദേശ തൊഴിലാളികളെ സൗദിയിലേക്ക് ആകർഷിക്കാനും ഇതു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. എന്നാൽ ഒളിച്ചോടിയവർക്കും (ഹുറൂബ്) ഗാർഹിക തൊഴിലാളികൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാനാവില്ല.
സ്‌പോൺസർഷിപ് മാറ്റം സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഖിവ’ വഴിയും രാജ്യത്ത് നിന്നുള്ള പോക്കുവരവും രാജ്യം വിടലും ‘അബ്ഷിർ’ വഴിയുമാണ് സാധ്യമാകുക. അതേസമയം, കരാർ തീരുന്നതിന് മുമ്പ് സ്പോൺസറുടെ സമ്മതമില്ലാതെ റീ എൻട്രി വീസയിൽ രാജ്യം വിട്ട് തിരിച്ചെത്താതിരിക്കുകയും മറ്റൊരു തൊഴിൽ വീസക്ക് രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്താൽ തൊഴിൽ ലംഘന നടപടികൾക്ക് വിധേയമാകേണ്ടി വരും.
കൂടാതെ കരാർ അവസാനിക്കുന്നതിന് മുമ്പ് ഒരു സ്പോൺസറിൽ നിന്ന് മറ്റൊരിടത്തേക്ക് തൊഴിൽ മാറാൻ ശ്രമിച്ചാലും വ്യവസ്ഥ പ്രകാരമുള്ള നഷ്‌ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനാണ്. റീ എൻട്രീ വീസ ഇഷ്യൂ ചെയ്യൽ ഇനിമുതൽ തൊഴിലാളിയുടെ ഉത്തരവാദിത്തമായിരിക്കും. തൊഴിൽ മാറ്റം ഉദ്ദേശിക്കുന്നവർ മൂന്നു മാസം മുമ്പ് തൊഴിലുടമയെ രേഖാമൂലം അറിച്ചിരിക്കണം എന്നും നിയമം അനുശാസിക്കുന്നു.
പുതിയ രീതി അനുസരിച്ച് എക്സിറ്റ് റീ എൻട്രിക്കോ ഫൈനൽ എക്സിറ്റിനോ വേണ്ടി തൊഴിലാളി ഡിജിറ്റൽ മാർഗത്തിൽ അപേക്ഷ സമർപ്പിച്ചാൽ 10 ദിവസം കാത്തിരിക്കണം. ഇത് തൊഴിലുടമക്ക് ജീവനക്കാരന്റെ അപേക്ഷ സംബന്ധിച്ച് അന്വേഷിക്കാനുള്ള കാലയളവാണ്. സമയപരിധിക്കുള്ളിൽ തൊഴിലുടമ പ്രതികരിക്കുന്നില്ലെങ്കിൽ കാലാവധി അവസാനിച്ചതായും അഞ്ച് ദിവസത്തിന് ശേഷം 30 ദിവസം കാലാവധിയുള്ള വീസ ലഭിക്കുകയും ചെയ്യും.
തൊഴിൽ കരാർ കാലാവധി തീരുന്നതിന് മുമ്പ് റീ എൻട്രിയോ, ഫൈനൽ എക്‌സിറ്റോ, മൾട്ടിപ്പിൾ റീ എൻട്രിയോ അടിയ്ക്കാൻ തൊഴിലാളിക്ക് സ്വയം കഴിയില്ല. നിയമാനുസൃതമായി തൊഴിലാളി ഇഷ്യു ചെയ്ത റീ എൻട്രി, ഫൈനൽ എക്‌സിറ്റ് വീസകൾ റദ്ദ് ചെയ്യാൻ തൊഴിലുടമക്കും സാധിക്കില്ല. അതേസമയം പ്രവാസി തൊഴിലാളിക്ക് രാജ്യം വിടുന്നതിനോ പോയി തിരിച്ച് വരുന്നതിനോ വേണ്ടി നേരത്തെ തുടരുന്ന രീതി പ്രകാരം ഉഭയ സമ്മതത്തോടെ റീ എൻട്രി, ഫൈനൽ എക്‌സിറ്റ്, മൾട്ടിപ്പിൾ റീ എൻട്രി വീസകൾ അടിച്ച് നൽകുന്നതിന് നിലവിലെ നിയമമനുസരിച്ചും തടസമില്ല.
രാജ്യത്തെ തൊഴിൽ നിയമം അനുശാസിക്കുന്ന വിഭാഗങ്ങളിലെ പ്രൊഫഷൻ ഇഖാമയിൽ രേഖപ്പെടുത്തിയ പ്രവാസികൾക്ക് മാത്രമാണ് ഇങ്ങനെ തൊഴിൽ മാറ്റം സാധ്യമാകുക. അതോടൊപ്പം തൊഴിലാളി ആദ്യമായി സൗദിയിൽ എത്തിയവരാണെങ്കിൽ നിലവിലെ തൊഴിലുടമയുടെ കീഴിൽ ചുരുങ്ങിയത് 12 മാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരേസമയം ഒന്നിൽ കൂടുതൽ തൊഴിൽ മാറ്റത്തിന് അപേക്ഷിച്ചവരും ആയിരിക്കരുതെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല