1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2024

സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ചു. നിലവിലുള്ള പ്രീമിയം വീസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സൗദിയിലെ നിക്ഷേപ രംഗത്തേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ലക്ഷ്യം. എട്ടു ലക്ഷം വരെ ഫീസ് ഈടാക്കിയിരുന്ന ഇഖാമകൾക്ക് ഇനി നാലായിരം മുതലാണ് ഫീസ്.

അറേബ്യയില്‍ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് അല്‍ഖസബിയാണ് അറിയിച്ചത്. അഞ്ച് തരങ്ങൾ ഇവയാണ്. അഡ്മിനിസ്‌ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ അനുഭവപരിചയമുള്ളവരാണ് എരു വിഭാഗം. ഇവരുടെ കഴിവുകൾ സൗദി ഉപയോഗപ്പെടുത്തും. രണ്ടാമത്തെ തരം പ്രീമിയം ഇഖാമ കായിക, സാംസ്‌കാരിക മേഖലകളില്‍ പ്രത്യേക കഴിവു തെളിയിച്ച വിദേശികൾക്കാണ്. ഇതോടെ ലോകോത്തര കായിക താരങ്ങൾക്ക് സൗദിയിൽ പ്രിമിയം ഇഖാമ സ്വന്തമാക്കാം.

സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് മൂന്നാം വിഭാഗത്തിലുളളത്. സൗദിയില്‍ നൂതന കമ്പനികള്‍ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുളള സംരംഭകരും പ്രോജക്ട് ഉടമകളുമാണ് നാലാം വിഭാഗത്തില്‍ പെടുക. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ആവാന്‍ ആഗ്രഹിക്കുന്നവരാണ് അഞ്ചാം വിഭാഗത്തില്‍ പെടുന്നത്. നേരത്തെയുള്ള ഒരൊറ്റ പ്രീമിയം ഇഖാമയാണ് ഇങ്ങിനെ അഞ്ച് തരമാക്കിയത്.

പ്രീമിയം ഇഖാമയുള്ളവര്‍ക്ക് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും മികച്ച അവസരമുണ്ടാകും. ഈ അഞ്ചു വിഭാഗത്തില്‍ ഇഖാമക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ് ഫീസ്. ഓരോ വിഭാഗത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്. സൗദികളുടെ അതേ ആനുകൂല്യങ്ങളോടെ വിദേശികൾക്ക് ഈ വീസകളിൽ സൗദിയിൽ തങ്ങാനാകും. ഈ ഇഖാമയെടുക്കുന്നവര്‍ക്ക് ഭാര്യ, 25 വയസ്സിന് താഴെയുള്ള മക്കള്‍, മാതാപിതാക്കള്‍ എന്നിവരെ ലെവിയില്ലാതെ സൗദിയില്‍ താമസിപ്പിക്കാം. സ്ഥാപനങ്ങളില്‍ സ്ഥാപനങ്ങളിലേക്ക് മാറാനും റീ എന്‍ട്രിയില്ലാതെ സൗദിക്ക് പുറത്ത് പോകാനും അനുമതിയുണ്ട്. വിശദവിവരങ്ങൾ ഇന്ന് രാത്രി മുതൽ മന്ത്രാലയം പുറത്ത് വിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.