സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലി വിസകളിലുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനരാരംഭിച്ചു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനഃരാരംഭിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടു ഡ്രൈവര്‍, വീട്ടുജോലിക്കാരി പോലുള്ള ഗാര്‍ഹിക വിസകളില്‍ കഴിയുന്നവര്‍ക്കു സ്ഥാപനത്തിന്റെ പേരിലേക്കു വിസയും ഒപ്പം തസ്തികയും (പ്രൊഫഷന്‍) മാറ്റാനുള്ള അനുമതിയാണു മന്ത്രാലയം നല്‍കുന്നത്. ലേബര്‍ ബ്രാഞ്ച് ഓഫീസുകള്‍ വഴി നേരിട്ട് മാത്രമേ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഓണ്‍ലൈനിലൂടെ ഈ സേവനം ലഭിക്കില്ല.
കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണു സ്‌പോണ്‍സര്‍ഷിപ്പ്, പ്രൊഫഷന്‍ മാറ്റം. ഇഖാമ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്കു പുതുക്കിയതാകാന്‍ പാടില്ലെന്നതാണു പ്രധാന നിബന്ധന. തിരിച്ച് സ്ഥാപനത്തില്‍നിന്ന് വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലേക്കു മാറാന്‍ അനുവദിക്കില്ല.
പ്രൊഫഷനും സ്‌പോണ്‍സര്‍ഷിപ്പും മാറാനുള്ള അപേക്ഷാഫോറത്തിന്റെ മാതൃക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിലാളിയുടെ പേര്, ഇഖാമ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് അപേക്ഷയില്‍ നല്‍കേണ്ടത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കണമെന്നും പ്രഫഷന്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലി തുടങ്ങില്ലെന്നും അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പും വിരല്‍ മുദ്രയും വയ്ക്കണം.
പുതുതായി ചേരുന്ന സ്ഥാപനത്തിന്റെ പേര്, മറ്റ് വിവരങ്ങള്‍, സ്ഥാപനാധികാരിയുടെ ഒപ്പ്, ഔദ്യോഗിക മുദ്ര എന്നിവയും അപേക്ഷയിലുണ്ടാവണം. സ്‌പോണ്‍സര്‍ഷിപ്പ്, പ്രഫഷന്‍ മാറ്റങ്ങള്‍ അനുവദിച്ചുകൊണ്ട് നിലവിലെ തൊഴിലുടമ നല്‍കുന്ന സമ്മതപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. ചേമ്പര്‍ ഓഫ് കോമേഴ്‌സ് അല്ലെങ്കില്‍ ഡിസ്ട്രിക്റ്റ് ചീഫ് അല്ലെങ്കില്‍ ലേബര്‍ ഓഫീസ് അറ്റസ്റ്റ് ചെയ്തതായിരിക്കണം.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ തയാറാണെന്ന പുതിയ തൊഴിലുടമ/സ്ഥാപനത്തിന്റെ സമ്മതപത്രവും വേണം. അതു ചേംബര്‍ ഓഫ് കോമേഴ്‌സ് അറ്റസ്റ്റ് ചെയ്തിരിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനം നിതാഖാത് പ്രകാരം ഇടനിലയിലുള്ള പച്ച കാറ്റഗറിയിലെങ്കിലും ആയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല