1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ തക്കതായ കാരണമില്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥി 20 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ രക്ഷിതാവ് അഴിയെണ്ണേണ്ടിവരും. രാജ്യത്തെ ശിശു സംരക്ഷണ നിയമപ്രകാരം വിചാരണ നടത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്ന് സൗദി ദിനപത്രം മക്ക റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂള്‍ വിദ്യഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ക്കാണെന്ന് ശിശു സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിക്കുക. അന്വേഷണം പൂര്‍ത്തിയാക്കി പ്രോസിക്യൂട്ടര്‍മാര്‍ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യും. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ അയക്കുന്നതില്‍ അശ്രദ്ധ കാണിച്ചതായി കണ്ടെത്തിയാല്‍ രക്ഷിതാവിനെതിരെ ജയില്‍ ശിക്ഷ വിധിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്.

പുതിയ അധ്യയന വര്‍ഷത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യായമായ കാണമില്ലാതെ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് വിട്ടുനിന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗവര്‍ണറേറ്റുകള്‍ക്കു കീഴിലെ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഉദ്യോഗസ്ഥര്‍ പരാതി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. സ്‌കൂളില്‍ ഹാജരാകാത്തതിന്റെ കാരണം കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രാലയത്തിലെ കുടുംബസുരക്ഷാ സമിതി വിഭാഗം വിദ്യാര്‍ത്ഥിയെ നേരില്‍കണ്ട് സംസാരിക്കും.

രക്ഷിതാവിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമിതി കണ്ടെത്തിയാല്‍ രക്ഷിതാവിനെതിരേ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് റഫര്‍ ചെയ്യും. തുടര്‍ന്ന് വിചാരണ നടത്താന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് നടപടിക്രമം. റിപ്പോര്‍ട്ടിനെക്കുറിച്ച് വിദ്യാഭ്യാസ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

തക്കതായ കാരണമില്ലാതെ 15 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ ടിസി നല്‍കുന്ന ശിക്ഷാരീതി ഈ വര്‍ഷം രാജ്യത്ത് നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജനില കുറയുന്നത് തടയാനാണിത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രവിശ്യ വിദ്യാഭ്യാസ മന്ത്രാലയ കാര്യാലയങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച സര്‍ക്കുലര്‍ അയച്ചിരുന്നു. സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല. 15 ദിവസം ഹാജരാവാത്ത കുട്ടിയുടെ അവസ്ഥയെ കുറിച്ച് പരിശോധിച്ച ശേഷമാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

രാജ്യത്തെ എല്ലാ സ്‌കൂളുകളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ ക്ലാസുകള്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയം വ്യക്തമായി രേഖപ്പെടുത്തണമെന്ന് പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. ഈ സമയക്രമം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം സ്‌കൂളുകളുടെ പ്രവര്‍ത്തനം.

രണ്ട് മാസത്തെ വേനല്‍ക്കാല അവധിക്ക് ശേഷം രാജ്യത്ത് 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ഞായറാഴ്ച പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. അധ്യയന വര്‍ഷത്തില്‍ മൂന്ന് സെമസ്റ്ററുകളാണുള്ളത്. ആകെ 38 ആഴ്ചകള്‍ ക്ലാസുകളുണ്ടായിരിക്കും. ആദ്യ സെമസ്റ്റര്‍ നവംബര്‍ 16 വരെയാണ്. 10 ദിവസത്തെ അവധിക്ക് ശേഷം രണ്ടാം സെമസ്റ്റര്‍ ആരംഭിച്ച് ഫെബ്രുവരി 22ന് അവസാനിക്കും. അവസാന സെമസ്റ്റര്‍ മാര്‍ച്ച് മൂന്നിന് ആരംഭിച്ച് ജൂണ്‍ 10നാണ് തീരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.