1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ടാക്‌സി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ ചുമത്തും. അടുത്തിടെ പാസാക്കിയ പാസഞ്ചര്‍ സര്‍വീസ് നിയമത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

മീറ്റര്‍ പ്രകാരമുള്ള യാത്രാക്കൂലി പൂര്‍ണമായി നല്‍കിയില്ലെങ്കില്‍ 200 റിയാലാണ് പിഴ ശിക്ഷ. ഇതിനു പുറമേ യാത്രാക്കൂലിയുടെ ഇരട്ടി തുകയും നല്‍കണം. ടാക്‌സി മീറ്ററോ റൈഡ്‌ഹെയ്ല്‍ ആപിന്റെയോ അടിസ്ഥാനത്തിലുള്ള മുഴുവന്‍ തുകയും നല്‍കാന്‍ യാത്രക്കാരന്‍ ബാധ്യസ്ഥനാണ്. യാത്രാക്കൂലി നല്‍കാന്‍ ടാക്‌സി ഡ്രൈവര്‍ ലഭ്യമാക്കിയ പേയ്‌മെന്റ് രീതികളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗപ്പെടുത്താന്‍ യാത്രക്കാരന് അകാശമുണ്ട്.

ടാക്‌സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും അവകാശങ്ങളും കടമകളും നിര്‍വചിക്കുന്ന പരിഷ്‌കരിച്ച നിയമങ്ങള്‍ ഏതാനും ദിവസം മുമ്പാണ് സൗദി ഗതാഗത മന്ത്രാലയം പുറത്തിറക്കിയത്. യാത്രക്കാര്‍ ഉത്തരവാദപ്പെട്ട ആളുകള്‍ ആവശ്യപ്പെട്ടാല്‍ ഇഖാമ അഥവാ താമസരേഖ കാണിക്കേണ്ടതുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍, സര്‍വീസ് ഇന്‍സ്‌പെക്ടര്‍മാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും യോഗ്യതയുള്ള ഏജന്‍സിയുടെ പ്രതിനിധികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സവാരി നിഷേധിക്കാനോ റദ്ദാക്കാനോ അവകാശമുള്ള സന്ദര്‍ഭങ്ങളും പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നു. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് സേവനം നല്‍കാതിരിക്കാന്‍ കഴിയില്ല. എന്നിരുന്നാലും ചില ഒഴിവാക്കലുകള്‍ വരുത്തിയിട്ടുണ്ട്. ലഭ്യമായ സീറ്റുകളില്‍ ധാരാളം യാത്രക്കാര്‍ ഉള്ളപ്പോള്‍ കൈകാണിച്ചാലും നിര്‍ത്തേണ്ടതില്ല.

സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിച്ചാലും യാത്രക്കാരന്‍ പുകവലിക്കുകയാണെങ്കിലും യാത്ര റദ്ദാക്കാന്‍ ഡ്രൈവര്‍ക്ക് അവകാശമുണ്ട്. ഭക്ഷണം കഴിക്കുക, കാറിനോ ഉപകരണങ്ങള്‍ക്കോ കേടുവരുത്തുക, സ്റ്റിക്കറുകള്‍ നീക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും യാത്ര നിഷേധിക്കാം. പൊതുധാര്‍മിക മര്യാദ പാലിക്കാതിരിക്കുക, ഡ്രൈവറോട് മോശമായി പെരുമാറുക, അക്രമിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും യാത്ര നിഷേധിക്കാവുന്നതാണ്. യാത്രക്കാരന്‍ അനാവശ്യമായി ശബ്ദമുണ്ടാക്കാനും പാടില്ല.

ടാക്‌സി കാര്‍ സാങ്കേതികമായി ഫിറ്റാണെന്നും വൃത്തിയുള്ളതാണെന്നും അഗ്‌നിശമന ഉപകരണവും ഫസ്റ്റ് എയ്ഡ് കിറ്റും ഉള്‍പ്പെടെ എല്ലാ സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാന്‍ ടാക്‌സി ഓപറേറ്റര്‍ ബാധ്യസ്ഥനാണ്. വനിതാ ടാക്‌സി കാറുകളില്‍ പുരുഷന്‍മാരെ മാത്രമായി യാത്രചെയ്യാന്‍ അനുവദിക്കില്ല. പ്രായപൂര്‍ത്തിയായ അടുത്ത ബന്ധുവായ സ്ത്രീ കൂടെ ഉണ്ടെങ്കില്‍ പുരുഷനും ഇതില്‍ യാത്രചെയ്യാവുന്നതാണ്. ഈ നിയമം പാലിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും.

യാത്രക്കാരന്‍ എന്തെങ്കിലും സാധനങ്ങള്‍ മറന്നുവച്ചത് തിരികെനല്‍കുന്നത് പോലെയുള്ള അടിയന്തര ആവശ്യത്തിന് മാത്രമേ ഡ്രൈവര്‍ യാത്രക്കാരനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പാടുള്ളൂ. ഈ നിയമം യാത്രക്കാര്‍ക്കും ബാധകമാണ്. ടാക്‌സി വാഹനത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരന്‍ പണം നല്‍കേണ്ടതില്ല. മീറ്റര്‍ ഓണാക്കാതെയുള്ള യാത്ര സൗജന്യയാത്രയായി കണക്കാക്കും.

അനുവദനീയമായതിനേക്കാള്‍ ഭാരം ടാക്‌സി കാറുകളില്‍ കയറ്റരുത്. ഡിക്കിയില്‍ കൊള്ളാത്ത വിധമുള്ള ലഗേജുകളും പാടില്ല. മദ്യം, മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കളും വാഹനത്തില്‍ കയറ്റരുത്. ഇക്കാര്യങ്ങളില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.