സ്വന്തം ലേഖകന്‍: സൗദിയിലെ തെരുവില്‍ നൃത്തം ചെയ്ത 14 വയസുകാരന്‍ അറസ്റ്റില്‍. കൗമാരക്കാരന്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സൗദി അധികൃതര്‍ കൗമാരക്കാരനെതിരെ നടപടി എടുക്കുകയായിരുന്നു. പൊതുസ്ഥലത്തെ അനുചിതമായ പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്.
ജിദ്ദയിലെ തഹ്‌ലിയ സ്ട്രീറ്റില്‍ നൃത്തം ചെയ്യുന്ന കൗമാരക്കാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. 1990കളിലെ പ്രശസ്ത ഗാനത്തിനൊപ്പം ഗതാഗതത്തിന് തടസമുണ്ടാക്കും വിധമാണ് കൗമാരക്കാരന്‍ ചുവടുവയ്ക്കുന്നത്. 2016 ജൂലൈയില്‍ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ അധികൃതര്‍ കണ്ടതോടെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സൗദിയിലെ പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള നൃത്തം നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നടന്ന പരിപാടിയില്‍ നൃത്തമാടിയതിന് ഈ മാസമാദ്യം ഒരു ഗായകനും അറസ്റ്റിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല