സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആദായനികുതി ചുമത്താന്‍ നീക്കം. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നത് തടയാനും ബദല്‍ വരുമാനം കണ്ടെത്താനുമുള്ള സൗദി സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണിത്.
വിദേശികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ ആശങ്ക ജനിപ്പിക്കുന്നതാണ് ഈ നീക്കം. തിങ്കളാഴ്ച പുറത്തുവിട്ട ദേശീയ സാമ്പത്തിക പരിഷ്‌കാര പരിവര്‍ത്തന നയത്തില്‍ ഇതേപ്പറ്റി പരാമര്‍ശമുണ്ട്. വിദേശികള്‍ക്കു നികുതി ചുമത്താനുള്ള ഒരുക്കത്തിനു നാലു കോടി ഡോളര്‍ (266 കോടി രൂപ) അതില്‍ വകയിരുത്തി. എന്നാല്‍ നികുതി ചുമത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണു ധനമന്ത്രി ഇബ്രാഹിം അലസാഫ് വ്യക്തമാക്കിയത്.
സൗദി അറേബ്യയിലെ മൂന്നു കോടി താമസക്കാരില്‍ ഒരു കോടിയോളം വിദേശികളാണ്. നികുതിയില്ലായ്മയാണു പ്രഫഷണലുകളെയും മറ്റും സൗദിയിലേക്ക് ആകര്‍ഷിക്കുന്നത്. ആ സൗകര്യം ഇല്ലാതായാല്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ രാജ്യം വിട്ടുപോകുമെന്ന ആശങ്കയും ഉണ്ട്.
പഴയതുപോലെ വരുമാനമില്ലാത്തതിനാല്‍ നികുതി ചുമത്തിയും സര്‍ക്കാര്‍ സേവനങ്ങള്‍ ചുരുക്കിയും കുറേ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചും വരുമാനം കൂട്ടാനാണു സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ നീക്കങ്ങള്‍ക്കു പുറകിലെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല