സ്വന്തം ലേഖകന്‍: സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ്; പ്രഖ്യാപനം ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
ഇത് ഇറാനെതിരെയുള്ള ഉപരോധം അമേരിക്ക കടുപ്പിക്കുന്നതിന്റെ ഭാഗമായി രൂപപ്പെടുത്തിയ തീരുമാനമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനെതിരായ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതില്‍പ്പിന്നെ ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ എണ്ണ വില്‍പ്പന തടയുക എന്നത് മുഖ്യ ലക്ഷ്യമാക്കിയിരുന്നു. അതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളോട് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക പറഞ്ഞിരുന്നു എങ്കിലും പകരം ആര് എണ്ണ തരുമെന്ന ചോദ്യം ബാക്കിയായി നിലനില്‍ക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ട്രംപ് സൗദി രാജാവ് സല്‍മാനുമായി സംസാരിച്ച് ഇറാന്റെ എണ്ണ കുറയുന്നതിന് പകരം സൗദിയുടെ എണ്ണ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നേരത്തെ എണ്ണ ഉല്‍പ്പാദനം കൂട്ടില്ലെന്ന് നിലപാടെടുത്തിരുന്ന സൗദി നേരിയ വര്‍ധനവ് ആകാമെന്ന് തീരുമാനിച്ചത്. പ്രതിദിനം 20ലക്ഷം ബാരല്‍ എണ്ണയാണ് സൗദി ഇനി ഉത്പ്പാദിപ്പിക്കുക എന്നാണ് ട്രംപിന്റെ പ്രസ്താവന നല്‍കുന്ന സൂചന. ട്രംപിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍ ആഗോളതലത്തില്‍ എണ്ണ വില കുറയാനും സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല