സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്‌സാപ്പും സ്‌കൈപ്പും ഉപയോഗിച്ചുള്ള വോയ്‌സ്, വീഡിയോ കോളുകളുടെ നിയന്ത്രണം നീക്കുന്നു. ഇന്റര്‍നെറ്റ് വോയ്‌സ്, വിഡിയോ കോളുകള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന നിയന്ത്രണമാണ് സൗദി എടുത്തു കളയുന്നത്. ഇതോടെ വാട്‌സ്ആപ്പ്, സ്‌കൈപ്, വൈബര്‍ എന്നീ ആപ്പുകളുടെ വോയ്‌സ്, വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും അവസരമൊരുങ്ങും.
അടുത്ത ആഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി കമ്മ്യുണിക്കേഷന്‍ ആന്റ് ഐ.ടി കമ്മീഷന്റെയും രാജ്യത്തെ ടെലികോം കമ്പനികളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും കമ്മ്യുണിക്കേഷന്‍ ആന്റ് ഐടി മന്ത്രി അബ്ദുല്ല ബിന്‍ ആമിര്‍ അല്‍ സവാഹ അറിയിച്ചു.
വിഷന്‍ 2030 ന്റെ ഭാഗമായി വിവിധ മേഖലയില്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഒന്നാണ് ഡിജിറ്റല്‍ രംഗത്തുള്ള പരിഷ്‌കരണം. ഡിജിറ്റല്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ്മപദ്ധതികളാണ് മന്ത്രാലയം ഈ രംഗത്ത് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താവിന് പരമാവധി സേവനം നല്‍കുക എന്ന നയമാണ് ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ടെലികോം കമ്പനികളെയും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നതാണ് ഇതിനു മുന്‍പ് മന്ത്രാലയം എടുത്ത നടപടികളിലൊന്ന്. ഉപഭോക്താവിന്റെ പരാതികള്‍ പരിഗണിച്ച് സേവനം മെച്ചപ്പെടുത്താനും ഈ രംഗത്ത് കൂടുതല്‍ സുതാര്യത കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. വോയ്‌സ്, വിഡിയോ കോളുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുമ്പോഴും ഈ ആപ്ലിക്കേഷനുകളുടെ ഗുണനിലവാരം അതാത് കാലത്ത് വിലയിരുത്തുന്നതാണെന്ന് മന്ത്രി അല്‍ സവാഹ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല