സ്വന്തം ലേഖകൻ: പലതരം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന് സൗദി അറേബ്യയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.
ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അത്യാവശ്യമായി പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണെന്നും അതോറിറ്റി നിർദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകല്‍, രോഗബാധിതനായ വ്യക്തിയെ ചുംബിക്കൽ, ആലിംഗനം ചെയ്യൽ, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്പർശിക്കാതിരിക്കൽ, ഭക്ഷണ പാത്രങ്ങൾ പരസ്പരം പങ്കിടൽ എന്നിവ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം, താമസത്തിന്റെ കാലയളവ് കുറയ്ക്കണം, തമ്മിൽ ഇടകലർന്നുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക എന്നീ നിർദേശങ്ങളാണ് അതോറിറ്റി നൽകിയിട്ടുള്ളത്.
അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ തന്നെ താമസത്തിന്റെ ദൈർഘ്യം കുറയ്ക്കാനും നിർദേശമുണ്ട്. കോളറ, ഡെങ്കിപ്പനി, നിപ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ.
ഇന്ത്യ കൂടാതെ മഞ്ഞ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന തായ്‌ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇത്യോപ്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും കൂടാതെ ചുവപ്പ് കാറ്റഗറിയിലുള്ള സിംബാബ്‌വേയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ പോളിയോ, മലേറിയ, കോവിഡ് എന്നിവ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
സിംബാബ്‌വേയെ ചുവപ്പ് കാറ്റഗറിയിൽപെടുത്തിയത് ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മ നിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചത് മൂലമാണ്. ആരോഗ്യ സേവനങ്ങളുടെയും പകർച്ചവ്യാധികളുടെയും നിലവാരം കണക്കിലെടുത്താണ് തിങ്കളാഴ്ച അതോറിറ്റി യാത്രാ മുന്നറിയിപ്പുകളും പ്രതിരോധ മാർഗനിർദേശങ്ങളും പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല