സ്വന്തം ലേഖകൻ: സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മൂന്നു മാസത്തിനു ശേഷം സൗദി അറേബ്യയും യുഎഇയും പിന്‍വലിച്ചു. കനത്ത വേലിന് അറുതിയാവുകയും ശൈത്യകാലത്തിലേക്ക് കടക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം നീക്കിയത്.
ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിനാണ് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയായിരുന്നു നിയന്ത്രണം.
ചൂട് കുറഞ്ഞുതുടങ്ങിയതോടെ ഉച്ചസമയ ജോലി നിരോധനം പിന്‍വലിച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാം സ്ഥാപനങ്ങളും ഈ വര്‍ഷം നിയമം നടപ്പാക്കിയിരുന്നു. നിയമംലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ പിഴശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം ബോധവത്കരണവും ഫീല്‍ഡ് പരിശോധനയും മന്ത്രാലയം നടത്തുകയുണ്ടായി.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും അവര്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ദേശീയ തൊഴില്‍ സുരക്ഷാ ആരോഗ്യ കൗണ്‍സിലിന്റെയും താത്പര്യപ്രകാരം ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. അപകടസാധ്യതയും ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാന്‍ തൊഴില്‍ സമയം ക്രമീകരിക്കാന്‍ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ബോധവല്‍ക്കരണ ലഘുലേഖകളും വിതരണം ചെയ്തിരുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൂട് കനക്കുന്ന സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഉച്ചവിശ്രമം നിയമം നടപ്പാക്കിവരുന്നുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാണിത്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന എല്ലാത്തരം ജോലിക്കും നിരോധനം ബാധകമാണ്. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് യുഎഇ ഉച്ചവിശ്രമം നടപ്പാക്കുന്നത്. ഇതനുസരിച്ച് ജോലി സമയം രാവിലെയും രാത്രിയുമായി രണ്ടു ഷിഫ്റ്റുകളായി വിഭജിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പരമാവധി എട്ടു മണിക്കൂറിലധികം ജോലി ചെയ്യുകയാണെങ്കില്‍ അധികസമയ വേതനം (ഓവര്‍ടൈം അലവന്‍സ്) നല്‍കണം.
ആരോഗ്യ പരിരക്ഷയ്ക്ക് ആവശ്യമായ പ്രാഥമിക മരുന്നുകള്‍ സമീപത്തുതന്നെ ഒരുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തണുത്ത കുടിവെള്ളവും വിശ്രമിക്കാന്‍ തണല്‍ സൗകര്യങ്ങളും നല്‍കണം. നിര്‍ജലീകരണം തടയുന്നതിന് ഉപ്പ്, നാരങ്ങ എന്നിവ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം തോതില്‍ തൊഴിലുടമയ്ക്കെതിരെ പിഴ ചുമത്തും. കൂടുതല്‍ തൊഴിലാളികള്‍ നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ പരമാവധി 50,0000 ദിര്‍ഹമായിരിക്കും. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യും.
യുഎഇയില്‍ ഏതാനും കമ്പനികള്‍ ലംഘിച്ചതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വേനല്‍ കനത്തതോടെ ഈ വര്‍ഷം യുഎഇയിലെയും സൗദിയിലെയും ചിലയിടങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല