സ്വന്തം ലേഖകൻ: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൗദിയിൽ വീസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഏകീകൃത വീസ പ്ലാറ്റ്ഫോമായ ‘സൗദി വീസ’ ആരംഭിച്ചു. ഡിജിറ്റൽ വീസകൾ ഇനി 60 സെക്കൻന്റിനുള്ളിൽ അപേക്ഷിക്കാം. റിയാദിൽ ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തെ (ഡിജിഎഫ്) അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് അഫയേഴ്സ് അസിസ്റ്റന്റ് മന്ത്രി അബ്ദുൽഹാദി അൽമൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ പ്ലാറ്റ്ഫോം 30 ലധികം ഏജൻസികളുമായും മന്ത്രാലയങ്ങളുമായും സ്വകാര്യ മേഖലയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഹജ് വീസ അല്ലെങ്കിൽ ഉംറ അല്ലെങ്കിൽ ടൂറിസം, തൊഴിൽ വീസ എന്നിവയ്ക്കായുള്ള സന്ദർശന വീസ ഉൾപ്പെടെ വിവിധ തരം വീസകൾ ഇതിൽ ഉൾപ്പെടും.
വീസ വഴി 50 ലേറെ സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കുന്നു. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനും ലഭ്യമായ വീസകളെ കുറിച്ച് അറിയാന്‍ സന്ദര്‍ശകരെ സഹായിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിനും പ്ലാറ്റ്ഫോമില്‍ അടങ്ങിയിരിക്കുന്നു.
വീസ വ്യവസ്ഥകളും വീസ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചും അറിയാനും വീസകള്‍ അവലോകനം ചെയ്യാനും വീണ്ടും അപേക്ഷിക്കലും എളുപ്പമാക്കുന്ന സന്ദര്‍ശക പ്രൊഫൈല്‍ തയാറാക്കാനും പുതിയ പ്ലാറ്റ്ഫോമില്‍ സൗകര്യങ്ങളുണ്ട്. വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് സൗദിയുടെ നീക്കം.
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ആരംഭിക്കാനുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ശ്രമങ്ങൾക്കൊപ്പമാണ് പുതിയ സൗദി പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. പുതിയ വീസ നിയമങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉച്ചകോടി ജിസിസിയുടെ ആഭ്യന്തര മന്ത്രിമാരെ അധികാരപ്പെടുത്തിയിരുന്നു. 2023-ൽ സൗദി അറേബ്യ 18.6 ദശലക്ഷത്തിലധികം വീസകൾ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
2024 ലെ പൊതു ബജറ്റിൽ വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ അനുസരിച്ച് സൗദി അറേബ്യ ടൂറിസം ചിലവിന്റെ അളവ് 289 ബില്യൻ റിയാലായി വർധിപ്പിക്കാനും അതുപോലെ തന്നെ 88 ദശലക്ഷം സന്ദർശകരെ നേടാനും ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നേടാനും ശ്രമിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല