സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ വന്‍ വര്‍ധന, കൈ പൊള്ളുക പ്രവാസി കുടുംബങ്ങള്‍ക്ക്. വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്ക് കുത്തനെ കൂട്ടിയത് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ഒക്ടോബര്‍ മുതലാണ് നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുക.
എന്നാല്‍, കുടുംബങ്ങളുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് വിദേശകാര്യ വകുപ്പ് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നില്ല. എങ്കിലും നിലവില്‍ നിരക്കു വര്‍ധന കുടുംബ സന്ദര്‍ശക വിസകള്‍ക്കും ബാധകമാണെന്നാണ് സൂചന. ഒന്നിലധികം തവണ വന്നുപോകാന്‍ സാധിക്കുന്ന സന്ദര്‍ശക വിസക്ക് (മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസ) കാലാവധിക് അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
ആറു മാസത്തെ സന്ദര്‍ശക വിസക്ക് 3000 റിയാല്‍, ഒരു വര്‍ഷത്തിന് 5000, രണ്ട് വര്‍ഷത്തേക്ക് 8000 റിയാല്‍ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഈ തീരുമാനം സാധാരണ രീതിയില്‍ വരുന്ന സന്ദര്‍ശക വിസക്കു കൂടി ബാധമാക്കിയാല്‍ ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ വിസക്ക് മാത്രം വന്‍ തുക നല്‍കേണ്ടി വരും. 3000 റിയാല്‍ എന്നാല്‍ നിലവിലെ നിരക്കനുസരിച്ച് ഏകദേശം 52000 രൂപയാണ്.
വിമാന ടിക്കറ്റും വിസ സര്‍വിസ് ചാര്‍ജും കൂടി വരുമ്പോള്‍ ഭാര്യയെയും മക്കളെയും കൊണ്ടുവരാന്‍ ലക്ഷങ്ങളാവുമെന്നതിനാല്‍ ചെറിയ വരുമാനക്കാര്‍ക്ക് സന്ദര്‍ശനം വേണ്ടെന്ന് വെക്കേണ്ടി വരും. നിലവില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് വിസ സൗജന്യമാണ്.
അവധിക്കാലത്ത് നാട്ടിലുള്ള കുടുംബാംഗങ്ങളെ കൊണ്ടുവന്നിരുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം വന്‍ തിരിച്ചടിയാകും. അതേസമയം, നിലവില്‍ കുടുംബാംഗങ്ങള്‍ക്ക് അനുവദിക്കുന്ന സന്ദര്‍ശക വിസ തുടരുമോ എന്നതിനെ കുറിച്ച് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കത്തും കാത്തിരിക്കുകയാണ് പ്രവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല