സ്വന്തം ലേഖകന്‍: സൗദിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്ക് ഇന്ന് സ്വാതന്ത്യ്രത്തിന്റെ ഞായര്‍; വനിതകളുടെ വണ്ടിയോടിക്കല്‍ ഇന്നുമുതല്‍ നിയമവിധേയം. നിരവധി സ്ത്രീകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സെടുത്തത്. അന്താരാഷ്ട്ര ലൈസന്‍സ് കൈവശമുള്ളവര്‍ അത് സൗദി ലൈസന്‍സാക്കി മാറ്റി. വലിയ സ്വാതന്ത്ര്യമാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സൗദി വനിതകളുടെ പൊതു അഭിപ്രായം.
സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കി ഞായറാഴ്ച പുലരുന്നതും കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല.
ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി വന്നതോടെ വനിതാ ഡ്രൈവിംഗിനെതിരായ നിരോധനം എടുത്തുകളയാന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ അവരെ വരവേല്‍ക്കാനും ആവശ്യമായ സുരക്ഷ പ്രദാനം ചെയ്യാനും രാജ്യത്തെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
വാഹനാപകടങ്ങള്‍ക്കു പേരു കേട്ട സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാനെത്തുന്നതോടെ സുരക്ഷിത ഡ്രൈവിംഗ് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് എതിരെ നിലവിലെ ട്രാഫിക് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.
വനിതകള്‍ വാഹനമോടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം പൂര്‍ത്തിയാക്കി 40 വനിതകള്‍ ഉള്‍പ്പെടുന്ന പ്രഥമ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ നഗരങ്ങളിലെ നജ്ം ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല