സ്വന്തം ലേഖകൻ: സൗദിയിലെ സ്ത്രീകൾ അവരുടെ തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകളിൽ മുടിയും കഴുത്തും മറക്കണമെന്ന് ആവർത്തിച്ച് സിവിൽ അഫയേഴ്‌സ് മന്ത്രാലയം. സ്ത്രീകളുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയോ കഴുത്തോ കാണിക്കമെന്ന ധാരണ ശരിയല്ലെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെൻറ് വക്താവ് മുഹമ്മദ് അൽ-ജാസിർ വ്യക്തമാക്കി.
ഇതു സംബന്ധമായി പ്രചരിക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്നും വസ്തുതാവിരുദ്ധമാണെന്നും ഔദ്യോഗികമായ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളും വിവരങ്ങളുമാണ് എല്ലാവരും പാലിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. സ്ത്രീകൾക്ക് ഫോട്ടോ എടുക്കുമ്പോൾ മുടിയും കഴുത്തും വെളിവാക്കണമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ സ്ത്രീകൾ മുടിയും കഴുത്തും മറക്കണം എന്നത് നേരത്തെ തന്നെയുള്ള വ്യവസ്ഥയാണ്.
10നും 14നും ഇടയിൽ പ്രായമുള്ളവരും ഐ.ഡി കാർഡുകളെടുക്കുമ്പോൾ സിവിൽ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ സ്ത്രീകൾക്ക് ആവശ്യമെങ്കിൽ ചില ഇളവുകൾക്ക് അർഹതയുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.
സൗദി പൗരന്മാരുടെ അച്ചടിച്ചതോ ഡിജിറ്റലായതോ ആയ ദേശീയ തിരിച്ചറിയൽ രേഖയിൽ വേണ്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്ന ആർട്ടിക്കിൾ 146 ഭേദഗതി ചെയ്തതതായി സിവിൽ അഫയേഴ്‌സ് വകുപ്പ് അറിയിച്ചു. ഐ.ഡി ഉടമയുടെ ഫോട്ടോ, പൂർണമായ പേര്, പിതാവിെൻറ പേര്, മുത്തച്ഛെൻറ പേര്, കുടുംബപ്പേര്, സ്ഥലം, ജനനം, ഹിജ്‌രി/ഗ്രിഗോറിയൻ ഫോർമാറ്റിലുള്ള ജനനത്തീയതി, സിവിൽ രജിസ്ട്രേഷൻ നമ്പർ, കാലാവധി പൂർത്തിയാകുന്ന തീയതി, ഐഡി കോപി സീരിയൽ നമ്പർ, ഔദ്യോഗിക ലോഗോകൾ, സുരക്ഷാ ഫീച്ചറുകൾ, കൂടാതെ സിവിൽ സ്റ്റാറ്റസ് മന്ത്രാലയം ആവശ്യമെന്ന് കരുതുന്ന മറ്റു വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം.
സൗദി പുരുഷെൻറ തിരിച്ചറിയൽ കാർഡിെൻറ ഫോട്ടോ സൗദി പരമ്പര്യ വസ്ത്രത്തിലാണ്. അതിൽ ‘ഷെമാഗും ഖത്റയും’ ഉൾപ്പെടുന്നു. സ്ത്രീക്ക് തിരിച്ചറിൽ കാർഡിനുള്ള ഫോട്ടോ മുടിയും കഴുത്തും മറച്ചു കൊണ്ടുള്ള വേഷമാണ്. അവരുടെ പർദക്ക് പ്രത്യേക നിറം വേണമെന്ന് വ്യവസ്ഥ വെച്ചിട്ടില്ല എന്നും ഏത് സിവിൽ അഫയേഴ്‌സ് വകുപ്പ് ട്വീറ്റ് ചെയ്‌തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല