സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ക്ക് നവംബര്‍ 22ന് തുടക്കമാവുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്തെ പുത്തന്‍ ചുവടുവയ്പ്പായാണ് വനിതകളുടെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്.
രണ്ട് ഘട്ടങ്ങളായാണ് വനിതാ ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ നടക്കുക. ആദ്യഘട്ട മല്‍സരങ്ങളില്‍ 16 ടീമുകള്‍ കളത്തിലിറങ്ങും. റിയാദിലും ജിദ്ദയിലും ദമാമിലുമായാണ് മല്‍സരങ്ങള്‍ നടക്കുക. മൂന്ന് മേഖലകളായി തിരിച്ചായിരിക്കും മല്‍സരങ്ങള്‍. റിയാദ്, ജിദ്ദ മേഖലകളില്‍ നിന്ന് ആറ് ടീമുകള്‍ വീതവും ദമാമില്‍ നിന്ന് നാലു ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
രണ്ട് റൗണ്ട് മത്സരങ്ങളില്‍ നിന്നായി റിയാദ്, ജിദ്ദ മേഖലകളില്‍ നിന്നുള്ള ആദ്യ മൂന്നു ടീമുകളും ദമാം മേഖലയില്‍ നിന്നുള്ള ആദ്യ രണ്ട് ടീമുകളുമാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക. അടുത്ത വര്‍ഷം ജനുവരിയില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ നോക്കൗട്ട് രീതിയിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക.
സൗദി കായിക ചരിത്രത്തിലാദ്യമായി വനിതാ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം ചരിത്രപരമാണെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് യാസിര്‍ അല്‍ മിഷ്അല്‍ അഭിപ്രായപ്പെട്ടു. ഫെഡറേഷനെ സംഭന്ധിച്ചിടത്തോളം സുപ്രധാനമായ മുഹൂര്‍ത്തമാണിത്. ഇത്തരമൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച രാജ്യത്തിലെ ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ടൂര്‍ണമെന്റിനാവശ്യമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനകം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല