1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വീസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്​ച മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ നേരിട്ട്​ അറിയിച്ചു. സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വീസകളുടെയും സ്​റ്റാമ്പിങ്ങിനുള്ള പാസ്​പോർട്ടുകൾ ജനുവരി 15 മുതൽ ​കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കില്ലെന്നും പകരം പുറംകരാർ ഏജൻസിയായ വി.എഫ്.എസ് വഴി വിരലടയാളം നൽകി സമർപ്പിക്കണമെന്നുമാണ്​ സർക്കുലർ മുഖാന്തിരം നേരത്തെ അറിയിച്ചിരുന്നത്​.

എന്നാൽ സാവകാശം ലഭിച്ചതോടെ പാസ്​പോർട്ട്​ കോൺസുലേറ്റുകൾ നേരിട്ട്​ സ്വീകരിക്കുന്നത് 10 ദിവസം കൂടി തുടരും. വി.എഫ്.എസിലെത്തി വിരലടയാളം നൽകണമെന്ന നിബന്ധന വന്നതോടെ വീസ ലഭിച്ച തൊഴിലാളികളും അടിയന്തിര പ്രോജക്ടുകളിലേക്ക് തൊഴിലാളികളെ കാത്തുനിൽക്കുന്ന കമ്പനികളും പ്രതിസന്ധിയിലായിരുന്നു. സമയം അനുവദിച്ച്‌ പുതിയ നിർദേശം വന്നതോടെ താത്കാലിക പരിഹാരം ലഭിച്ചതി​െൻറ ആശ്വാസത്തിലാണ് ട്രാവൽ ഏജൻസികളും തൊഴിലാളികളും തൊഴിലുടമകളും.

ഉത്തരേന്ത്യയിൽ അടക്കം വി.എഫ്.എസിന് പരിമിതമായ സേവന കേന്ദ്രങ്ങളാണ് ഉള്ളതെന്ന വസ്തുത മനസ്സിലാക്കി കൂടുതൽ ശാഖകൾ തുറക്കും വരെ ഇളവ് അനുവദിക്കണമെന്നാണ് ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്. പുതിയ നിയമം പ്രാബല്യത്തിലായാൽ വീസ സ്​റ്റാമ്പ്​ ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.

രണ്ടുവർഷം മു​േമ്പ ഇതിനെ കുറിച്ച്​ സൗദിയധികൃതർ അറിയിപ്പ്​ നൽകിയിരുന്നു. 2022 മെയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ ആകുമെന്ന് കോൺസുലേറ്റ്​ അന്ന്​ ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ വീസ സർവിസിങ്​ നടപടികളുടെ പുറംകരാറെടുത്ത ഏജൻസിയായ വി.എഫ്.എസി​െൻറ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ താൽക്കാലികമായി അന്ന്​ മരവിപ്പിക്കുകയായിരുന്നു.

അതിന്​ ശേഷം ഏതാനും മാസം മുമ്പ്​ സൗദിയിലേക്കുള്ള വിസിറ്റ്​, ടൂറിസ്​റ്റ് വീസകൾക്ക്​ ഈ നിയമം നിർബന്ധമാക്കിയിരിക്കുന്നു. ഇപ്പോൾ തൊഴിൽ വീസകൾക്ക്​ കൂടി ഇത്​ ബാധകമാക്കുകയാണ്​. ഇതോടെ വി.എഫ്.എസ്​ ശാഖകളിൽ തിരക്ക് ക്രമാതീതമായി വർധിക്കും. കേരളത്തിൽ രണ്ട്​ വി.എഫ്​.എസ് ശാഖകളാണുള്ളത്​. ​കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്​, ടൂറിസ്​റ്റ്​ വിസാനടപടികളാണ്​ ഇപ്പോൾ ഇവിടെ കൈകാര്യം ചെയ്യുന്നത്​. ഇനി തൊഴിൽ വീസ കൂടി ഇവരുടെ പരിധിയിലേക്ക്​ വരുന്നതോടെ വലിയ തിരക്ക്​ അനുഭവപ്പെടാൻ സാധ്യതയുണ്ട്​.

വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും വി.എഫ്.എസ് ശാഖകൾ കുറവാണ്​. രാജ്യത്ത്​ ആകെ 10 ഇടങ്ങളിൽ മാത്രമാണ്​ ശാഖകളുള്ളത്​. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്​ നിലവിൽ വി.എഫ്.എസ് ശാഖകളുള്ളത്​. ഈ നിയമം നടപ്പായാൽ ഉംറവീസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വീസകളുടെയും കാര്യത്തിൽ വിരലടയാളം നിർബന്ധമാവും​. ഉംറക്ക്​ ഇലക്​​ട്രോണിക്​ വീസയാണ്​ നൽകുന്നത്​. വീസ കിട്ടിയാൽ പാസ്​പോർട്ടുമായി സൗദിയിലേക്ക്​ വിമാനം കയറാനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.