സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയില്‍ സൗദി സൈന്യവും യെമനിലെ ഹൗതി വിമത പോരാളികളും തമ്മില്‍ നേര്‍ക്കു നേര് പോരാട്ടം ശക്തമായി. ഹൗതികളും സൗദി സൈന്യവും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ഇരു പക്ഷത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
നാല് സൗദി സൈനികരും നിരവധി ഹൗതി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് തദ്ദേശ വാസികള്‍ പറയുന്നു.
സൗദിയുടെ സൈനിക പോസ്റ്റുകളില്‍ ശക്തമായ കടന്നാക്രമണം നടത്തിയതായി ഹൗതി വിമത പോരാളികള്‍ വ്യക്തമാക്കി. തങ്ങളുടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഹൗതികള്‍ പറഞ്ഞു.
മുന്‍ യെമനീസ് പ്രസിഡന്റിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരാണ് ഈ ഹൗതി വിമതര്‍. അതേസമയം, ജനീവയില്‍ നടക്കുന്ന യു.എന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ഹൗതി വിമതര്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ജൂണ്‍ 14 ലാണ് യു.എന്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല