സ്വന്തം ലേഖകൻ: ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രമാക്കും. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഡെലിവറി മേഖലയിൽ നിയന്ത്രണം പുറപ്പെടുവിച്ചത്. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും.
മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാൻ തീരുമാനമായി. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. അതേസമയം, സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല.
ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും.
സൗദികളെ പ്രചോദിപ്പിക്കുന്നതിന് പുറമേ, ഡെലിവറി മേഖലയെ ഫലപ്രദമായി നിയന്ത്രിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. അതുവഴി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഈ മേഖലയിൽ നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല