സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം ടോപ് ഗിയറില്‍, ഇതുവരെ തള്ളിയത് 63 ശതമാനം വിസ അപേക്ഷകളെന്ന് സൗദി. ഓണ്‍ലൈന്‍ വഴി ലഭിച്ച 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 8,49,000 തൊഴില്‍ വിസ അപേക്ഷകള്‍ ലഭിച്ചതായും സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബര്‍ 3ന് നിലവില്‍ വരും. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഓണ്‍ലൈന്‍ വഴി 8.49 ലക്ഷം വിസ അപേക്ഷകള്‍ ലഭിച്ചെങ്കിലും 3.16 ലക്ഷം വിസകള്‍ മാത്രമാണ് പരിഗണിച്ചതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദേശ റിക്രൂട്ട്‌മെന്റിന് തുര്‍ക്കി, മെക്‌സിക്കൊ, ഈജിപ്ത്, ഇന്ത്യ, മൊറോക്കൊ, കംബോഡിയ എന്നീ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴില്‍ മേഖലയുമായി സഹകരിക്കുന്നതിന് ചൈന, ജപ്പാന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളില്‍ പരമാവധി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുളള പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിവലസരങ്ങള്‍ നാഷണല്‍ ലേബര്‍ ഗേറ്റ്വേ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി.
സ്വദേശി ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശ റിക്രൂട്‌മെന്റ് അനുവദിക്കുകയുളളൂ. സ്വകാര്യ തൊഴില്‍ മേഷലയിലെ സാഹചര്യം മെച്ചപ്പെടുത്തുകയും ആകര്‍ഷമായ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പ് വരുത്തി സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല