സ്വന്തം ലേഖകന്‍: സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന് കച്ച മുറുക്കി സൗദി സര്‍ക്കാര്‍, മടക്കയാത്രക്ക് ഒരുങ്ങി ആയിരക്കണക്കിന് പ്രവാസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് സൗദി തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലെ കസ്റ്റമര്‍ സര്‍വീസ്, കോള്‍ സെന്ററുകള്‍, ഊര്‍ജമിനറല്‍ മേഖല, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയാണ് പുതുതായി സ്വദേശിവത്കരണത്തിന് നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ സ്വദേശി യുവതികള്‍ക്ക് കൂടുതല്‍ അവസരം നല്‍കും.
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഇന്‍ഷൂറന്‍സ്, ഗതാഗതം, ചില്ലറ വില്‍പന, മെഡിക്കല്‍ ഷാപ്പുകള്‍ എന്നിവയില്‍ അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന പുതിയ മേഖലയെക്കുറിച്ച് വക്താവിന്റെ റ പ്രഖ്യാപനം. മലയാളികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലകളിലെല്ലാം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതോടെ മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ് പ്രവാസികളില്‍ ചിലര്‍. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ഈ സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ മലയാളി നഴ്‌സുമാരായ പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദിക്കാരായ പതിനായിരത്തിലേറെ നഴ്‌സുമാര്‍ വിദേശത്തും ഗള്‍ഫ് രാജ്യങ്ങളിലും പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ സജ്ജരായിക്കഴിഞ്ഞതായാണ് ആരോഗ്യ മന്ത്രാലത്തില്‍നിന്നുള്ള സൂചനകള്‍. 25,000 ഒഴിവുകളാണ് ഇപ്രകാരം സൗദി വനിതകളെ ഉപയോഗിച്ച് നികത്തുക. മാസങ്ങള്‍ക്കു മുമ്പ് മൊബെയില്‍ വില്‍പ്പനസര്‍വീസ് മേഖല, ഫാര്‍മസിരംഗം എന്നിവയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കിയതോടെ മുക്കാല്‍ ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതില്‍ ബഹു ഭൂരിപക്ഷവും മലയാളികളായിരുന്നു. ഡ്രൈവര്‍മാര്‍, അധ്യാപകര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് പിരിച്ചുവിടല്‍ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന വിഭാഗങ്ങള്‍. അതേസമയം സമ്പൂര്‍ണ സൗദിവല്‍ക്കരണ പദ്ധതിയായ സൗദി വിഷന്‍ 2030 ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് നിലപാടിലാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല