സ്വന്തം ലേഖകന്‍: അമ്മ എന്നു പറയുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഊറ്റം കൊള്ളുന്നവരാണ് ഇന്ത്യക്കാരെങ്കിലും കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തില്‍ അമ്മമാരുടെ കാര്യം ഏറ്റവും കഷ്ടം ഇന്ത്യയിലാണെന്നാണ് സേവ് ദി ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്.
ലോകത്ത് അമ്മയായിരിക്കാന്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. സേവ് ദി ചില്‍ഡ്രന്‍ പുറത്തു വിട്ട ലോകത്തിലെ അമ്മമാരുടെ അവസ്ഥ 2015 എന്ന റിപ്പോര്‍ടില്‍ ഇന്ത്യക്ക് 140 മത് റാങ്കാണുള്ളത്. 179 രാജ്യങ്ങളുള്ള പട്ടികയിലാണ് ഇന്ത്യക്ക് ഇറാഖിനും ബംഗ്ലാദേശിനും സിംബാബ്വെക്കും പുറകില്‍ 140 മത് സ്ഥാനം ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്.
നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. അമേരിക്കയ്ക്ക് മുപ്പത്തിമൂന്നാം സ്ഥാനമാണുള്ളത്. 2014 ല്‍ 139 ഉം 2013 ല്‍ 142 ഉം സ്ഥാനങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. 179 രാജ്യങ്ങളിലെ അമ്മമാരുടെ ആരോഗ്യം, ശിശുമരണ നിരക്ക്, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ അഞ്ചു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
പ്രതിവര്‍ഷം 760,000 കുട്ടികളാണ് ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം സാമ്പത്തിക സ്ഥിതിയിലെ അന്തരമാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് സേവ് ദി ചില്‍ഡ്രന്‍ ഗ്ലോബല്‍ ഹെല്‍ത്തിന്റെ വൈസ് പ്രസിഡന്റ് റോബര്‍ട്ട് ക്ലേ പറയുന്നു.
സമ്പന്നരായ 99 ശതമാനം സ്ത്രീകള്‍ക്കും പ്രസവ സമയത്ത് പ്രത്യേക ആരോഗ്യ പരിരക്ഷ ലഭിക്കുമ്പോള്‍ പാവപ്പെട്ടവരില്‍ ഇത് 19 ശതമാനം മാത്രമാണ്. സമ്പന്നരായ 98 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവപ്പുകള്‍ നല്കുമ്പോള് പാവപ്പെട്ട കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത് വെറും 56 ശതമാനമാണ്.
പലപ്പോഴും പൊതുജനങ്ങള്‍ക്കായി നല്കുന്ന ആരോഗ്യ പരിരക്ഷ സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. അതിനാലാണ് ഇന്ത്യയിലെ നവജാത ശിശു മരണ നിരക്ക് കുറയാത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നില്‍ നില്ക്കുന്ന, യുദ്ധക്കെടുതികള്‍ കൊണ്ട് വലയുന്ന പല രാജ്യങ്ങളും പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണെന്നത് രാജ്യത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല