മക്കള്‍ക്കു ചെറുപ്രയത്തില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിനല്‍കാന്‍ മാതാപിതാക്കള്‍ മറക്കാറില്ല. നല്ല ശീലങ്ങള്‍ പരിശീലിപ്പിക്കാനും ശ്രദ്ധവയ്ക്കുന്നു. എന്നാല്‍ എത്രപേര്‍ പണം കൈകാര്യം ചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അതു വലിയവരുടെ കാര്യമായി മാറ്റിവയ്ക്കുകയാണ് മിക്കവരും. എന്നാല്‍ ചെറുപ്പത്തിലേ സമ്പാദ്യശീലം വളരേണ്ടത് പ്രധാനമാണെന്ന് സമീപകാലത്തെ സാമ്പത്തിക തകര്‍ച്ചകളും അതില്‍നിന്നുള്ള പാഠങ്ങളും ഓര്‍മിപ്പിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കു മുഖ്യകാരണം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമ്പാദ്യ- നിക്ഷേപ- വിനിയോഗ വൈകല്യങ്ങളാണെന്ന് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കന്‍ ജനതയുടെ സമ്പാദ്യ- ധനവിനിയോഗ വൈകല്യങ്ങളാണ് മുഖ്യപ്രതിസ്ഥാനത്ത്. വരവറിയാതെ ചെലവുചെയ്യുക, സമ്പാദ്യശീലം പാടെ ഉപേക്ഷിക്കുക, മുന്‍പിന്‍ നോക്കാതെ കടബാധ്യതകള്‍ തലയിലേറ്റുക, ഇങ്ങനെ നിരവധി അരുതായ്കകള്‍ക്കൊടുവില്‍ സാമ്പത്തിക പ്രതിസന്ധി യുഎസിലെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും മേല്‍ വന്നുപതിക്കുകയായിരുന്നു.
ചെറുപ്പത്തിലേ സമ്പാദ്യശീലം വളര്‍ത്തുന്നത് ഭാവിയില്‍ പണം യുക്തിസഹമായി കൈകാര്യം ചെയ്യുന്നതിന് വ്യക്തികളെ സജ്ജമാക്കുമെന്ന് ഇംഗ്ലണ്ടിലെ ഒരു സാമൂഹ്യ വികസന സംഘടന നടത്തിയ സര്‍വേഫലം സൂചിപ്പിക്കുന്നു. സര്‍വേയില്‍ ഉള്‍പ്പെട്ടവരില്‍ 51 ശതമാനം പേരും ചെറുപ്പത്തിലേ സമ്പാദ്യശീലം വളര്‍ത്തിയെടുത്തവരായിരുന്നു. ഇതില്‍ 71 ശതമാനം പേരും വളര്‍ന്നു വന്നപ്പോഴും ആ ശീലം തുടര്‍ന്നു. ചെറുപ്പകാലത്തെ സമ്പാദ്യശീലം പണത്തിന്റെ മൂല്യം മനസിലാക്കാന്‍ ഉപകരിച്ചെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തി. വിവേകത്തോടെ പണം ചെലവഴിക്കുന്നതിലും ഇവര്‍ ശ്രദ്ധവയ്ക്കുന്നതായി കണ്ടെത്തി. തങ്ങളുടെ മക്കളില്‍ സമ്പാദ്യശീലം വളര്‍ത്താനും ഇവര്‍ ശ്രദ്ധവയ്ക്കുന്നു. എന്നാല്‍ ചെറിപ്പത്തിലേ സമ്പാദ്യശീലം ഇല്ലാതിരുന്നവരില്‍ സമ്പാദ്യശീലത്തിന്റെ തോത് പകുതിയില്‍ താഴെയായിരുന്നു.
സമ്പാദ്യശീലത്തില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ മുന്നിലാണെന്ന് ഓസ്‌ട്രേലിയയില്‍ന്നിന്നുള്ള പഠനം സൂചിപ്പിക്കുന്നു. ഹാലിഫാക്‌സ് എന്ന സംഘടന നടത്തിയ പഠനത്തില്‍ 27ശതമാനം ആണ്‍കുട്ടികള്‍ തങ്ങള്‍ക്കു കിട്ടുന്ന പണം മുഴുവന്‍തന്നെ സ്വരുക്കൂട്ടിവയ്ക്കാന്‍ താല്‍പര്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടികളില്‍ ഇത് 25 ശതമാനം മാത്രമായിരുന്നു. പെണ്‍കുട്ടികളില്‍ 16ശതമാനം തങ്ങളുടെ പക്കലുള്ള മുഴുവന്‍ പണവും 25 ശതമാനം അതിലധികവും ചെലവഴിച്ചുകൊണ്ടിരുന്നതായി കണ്ടെത്തി. സാധാരണ കുടുംബങ്ങളില്‍ പണം ചെലവഴിക്കുന്നതില്‍ കുഞ്ഞുങ്ങള്‍ പങ്കാളികളാകുന്നു.
കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോഴും വസ്ത്രം വാങ്ങുമ്പോഴും ഇഷ്ടപ്പെട്ട ടിവി, കാറ് എന്നിവ വാങ്ങുമ്പോഴുമെല്ലാം കുട്ടികളുടെ അഭിപ്രായംകൂടി പരിഗണിക്കാറുണ്ട്. എന്നാല്‍ സമ്പാദ്യകാര്യങ്ങളെല്ലാം വലിയവരുടെ മാത്രം കാര്യം. കുട്ടികള്‍ക്ക് ഇതോടെ സമ്പാദ്യത്തിന്റെ മേഖല അന്യമാകുന്നു. പിന്നീട് പണം കയ്യില്‍വരുന്ന ഘട്ടത്തില്‍ ചെലവഴിക്കല്‍ എന്നൊന്നല്ലാതെ സമ്പാദ്യം എന്നത് ഇവരുടെ നിഘണ്ടുവില്‍ ഇല്ലാതെ പോകുന്നു. ക്രെഡിറ്റ് കാര്‍ഡിന്റെയും വായ്പകളുടെയും കുടുക്കില്‍ വീഴാന്‍ ഏറെ താമസം വേണ്ടിവരില്ല. അഞ്ചക്ക ശമ്പളമുള്ള ജോലിയില്‍ കയറി വര്‍ഷങ്ങള്‍ കഴിഞ്ഞാലും കാലിയായ ബാങ്ക് അക്കൗണ്ട് സ്വാഭാവികം.
കുട്ടികളിലെ സമ്പാദ്യശീലം വളര്‍ത്താന്‍ ചില വഴികളിതാ..
1. കുഞ്ഞു കുടുക്കയില്‍ തുടങ്ങാം സമ്പാദ്യത്തിന്റെ ബാലപാഠം. കളിപ്പാട്ടത്തിനായി, ചോക്ലെറ്റിനായി മുഴുവന്‍ പണവും ചെലവഴിക്കാതെ ഒരു പങ്ക് കുടുക്കയില്‍ നിക്ഷേപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ നല്‍കിയും കുടുക്ക പൊട്ടിക്കുന്നത് ആഘോഷമാക്കിയും കൗതുകത്തിനൊപ്പം സമ്പാദ്യശീലത്തിന്റെ ആദ്യാക്ഷരവും കുരുന്നിന്റെ മനസില്‍ കുറിക്കാനാകും.
2. സ്‌കൂള്‍ നാളുകളില്‍ത്തന്നെ സേവിങ്‌സ് അക്കൗണ്ട് തുറക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് സാമ്പത്തിക ക്രയവിക്രയങ്ങളും മറ്റും പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കും. സ്‌കൂളുകളില്‍ വളിര്‍ത്തുവരുന്ന സ്റ്റുഡന്റ്‌സ് ക്രെഡിറ്റ് യൂണിയനുകള്‍ സങ്കീര്‍ണതകളില്ലാതെ ബാങ്കിങ്ങിന്റെയും വായ്പാ വിപണിയുടെയും ബാലപാഠങ്ങള്‍ കുട്ടികളില്‍ എത്തിക്കും.
3. ദൈനംദിന വീട്ടാവശ്യങ്ങള്‍ക്കായുള്ള സാമ്പത്തിക ക്രയവിക്രയങ്ങളില്‍(അടുക്കള ഷോപ്പിങ് മുതല്‍) കുട്ടികളെ പങ്കാളികളാക്കണം. പോക്കറ്റ് മണി നല്‍കുമ്പോള്‍ അത് എങ്ങനെ വിനിയോഗിക്കുന്നു എന്ന് ശ്രദ്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഗുണംചെയ്യും. കുടുംബത്തിന്റെ വരവു ചെലവു കാര്യങ്ങള്‍ കുട്ടികളുമായും സംസാരിക്കുക.
4. കുട്ടികള്‍ക്ക് നിശ്ചിതതോതില്‍ അലവന്‍സുകളോ ചില ജോലികള്‍ക്ക് ശമ്പളമോ നിശ്ചയിക്കുന്നത് ഗുണം ചെയ്യും. അതു ചെലവഴിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുമില്ല. വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കുകയുമാകാം. ഇതില്‍ ഒരുഭാഗം സമ്പാദ്യമായി സൂക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കാന്‍ ഓര്‍മിപ്പിക്കാം.
5. സ്വന്തമായി പണം സമ്പാദിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അനുവദിക്കുക. വീട്ടില്‍ത്തന്നെ ചെറിയ സംരംഭങ്ങള്‍ ആംരംഭിക്കാനും പ്രോല്‍സാഹനം നല്‍കുക. ചെറിയ കൃഷികള്‍. മുയല്‍, കോഴി വളര്‍ത്തല്‍ എന്നിവയൊക്കെയാകാം. പരസ്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും പെട്ടെന്നുള്ള ആവേശത്തിനു വാങ്ങലുകള്‍ നടത്താതിരിക്കാനും വേണ്ട ഉപദേശം നല്‍കാം.
6. സമ്പാദ്യശീലം പഠിക്കാന്‍ കളിപ്പാട്ടങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും വരെ ഇപ്പോള്‍ ലഭ്യമാണ്.(സിംസ്, റോളര്‍കോസ്റ്റര്‍ ടൈക്കൂണ്‍സ്, സൂ ടൈക്കൂണ്‍സ്…)
സ്‌കൂളില്‍ നിന്നാണ് കുട്ടികള്‍ അറിവിന്റെയും ശീലങ്ങളുടെയും ഏറിയപങ്കും കരസ്ഥമാക്കുന്നത്. എന്നാല്‍ പണം കൈകാര്യം ചെയ്യുന്നതിനുള്ള, സമ്പാദ്യ ശീലം വളര്‍ത്തുന്നതിനുള്ള പാഠങ്ങളൊന്നും ഇപ്പോഴത്തെ പാഠ്യ പദ്ധതികളില്‍ ഇല്ല. സ്‌കൂളിലെ മിടുക്കന്മാര്‍ പണം കൈകാര്യം ചെയ്യുന്നതില്‍ മുടുക്കരാകണമെന്നില്ല. അധ്യപകരെക്കാള്‍ മാതാപിതാക്കള്‍തന്നെയാണ് ഇക്കാര്യത്തില്‍ അവരുടെ ഗുരുക്കന്മാരാകേണ്ടത്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സമ്പാദ്യകാര്യങ്ങളില്‍ നല്‍കാവുന്ന പരിശിലനത്തെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍ ചുവടെ:
പ്രീ സ്‌കൂള്‍, കിന്‍ഡര്‍ ഗാര്‍ട്ടന്‍ പ്രായക്കാര്‍ക്ക്
നാലിനും ഏഴിനും ഇടയില്‍ പ്രായത്തില്‍ കുട്ടികള്‍ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കി തുടങ്ങുന്നു. പണം കൊണ്ട് ഐസ്‌ക്രീം വാങ്ങാം, കളിപ്പാട്ടം വാങ്ങാം എന്നൊക്കെ അവന് അറിയാം. അച്ഛന്‍ ഇന്ന് ജോലിക്കു പോകേണ്ടെന്നു ശഠിക്കുന്ന കുട്ടിയോട് ജോലിക്കുപോയാലേ ചോക്ലെറ്റ് വാങ്ങിക്കൊണ്ടുവരാന്‍ പണം കിട്ടൂ എന്നു പറയുന്നതില്‍ വരെ പണത്തിന്റെ മൂല്യം ബോധ്യപ്പെടുത്താന്‍ ഉതകുന്ന പാഠമുണ്ട്. സമ്മാനമായി കിട്ടുന്ന തുകയും ചില്ലറയും മററും കുടുക്കയില്‍ സൂക്ഷിക്കുന്ന ശീലം ഈ പ്രായത്തില്‍ തന്നെ തുടങ്ങാം. പണമടക്കം കടം വാങ്ങുന്നതെന്തും തിരികെ നല്‍കേണ്ടതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തണം.
സ്‌കൂള്‍ പ്രായം
എട്ടു മുതല്‍ 12 വയസ് വരെ പ്രായക്കാര്‍. സ്‌കൂള്‍ ഫീസ് കൊടുക്കാനും യാത്രയ്ക്കും ഭക്ഷണത്തിനും വസ്ത്രത്തിനുമൊക്കെ പണം വേണ്ടിവരുന്ന കാലം. സ്‌കൂളിലെ ഫീസ് തനിയെ കൊണ്ടുപോയി അടയ്ക്കുന്നതും. യാത്രാക്കൂലി നല്‍കുന്നതുമൊക്കെ പണ വിനിയോഗത്തിന്റെ ബാലപാഠം തന്നെ. സ്വന്തമായി പണമുണ്ടാക്കണമെന്ന മോഹമുദിച്ചു തുടങ്ങുന്നവരുമുണ്ട്. ഇത്തരം ആശയങ്ങളൊന്നും തല്ലിക്കെടുത്തേണ്ട. അതിരു കടക്കാതെ വേണ്ട പ്രോല്‍സാഹനവും നല്‍കാം. ഈ കാലയളവില്‍ ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ട് തുറക്കാം. കുടുക്കയിലെ സമ്പാദ്യം തുടരാനും പ്രേരിപ്പിക്കുക. ബാങ്ക് ഇടപാടുകളുമായി പരിചയപ്പെടുന്നതിനുകൂടിയാണ് സേവിങ്ങ്‌സ് അക്കൗണ്ട്. വീട്ടു സാധനങ്ങള്‍ വാങ്ങുന്നത്തിനും ചെറിയ പര്‍ച്ചേസുകള്‍ക്കുമൊക്കെ കുട്ടികളെ തനിയെ വിടാം. വിലയും മൂല്യവും തമ്മില്‍ താരതമ്യം ചെയ്യുന്നതിന് പര്‍ച്ചേസുകള്‍ ഉപകരിക്കും.
കൗമാരക്കാര്‍
കൗമാരത്തില്‍ പണംകൊണ്ട് കുട്ടികള്‍ക്ക് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകുന്നു. സിനിമാ കാണാനും കാന്റീനില്‍ പോകാനും നല്ല പേന വാങ്ങാനും എന്നുവേണ്ട ചുറ്റിയടിക്കാന്‍വരെ പണച്ചെലവുവരും. ഇവയ്‌ക്കെല്ലാം ആനുപാതികമായി പണം നീക്കിവയ്ക്കാന്‍ പഠിക്കണം. സ്വയം പണം സമ്പാദിക്കാന്‍ തൃഷ്ണ കൂടിവരാം. ഓഹരിയടക്കം നിക്ഷേപമേഖലകള്‍ പരിചയപ്പെടുത്തിക്കൊടുക്കാം. സ്വന്തം ജോലികള്‍ കണ്ടെത്തുന്ന കുട്ടികളെ നിരുല്‍സാഹപ്പെടുത്തേണ്ട. അവര്‍ക്കു പറ്റുന്ന പണിയാണോ എന്നുമാത്രം ശ്രദ്ധിച്ചാല്‍ മതി. വീട്ടിലെ ബജറ്റിങ്ങിലും സമ്പാദ്യ ഇടപാടുകളുടെ ചര്‍ച്ചയിലും ഈ പ്രായക്കാരെ പങ്കാളികളാക്കുക. സമ്പാദ്യശീലം കുട്ടികള്‍ക്ക് പഠനത്തിലടക്കം കൂടുതല്‍ ഉത്തരവാദിത്ത ബോധം നല്‍കാനിടയുണ്ട്. അതുമല്ല ഭാവിയില്‍ ചെന്നു വീഴാനിയടുള്ള പല കെണികളില്‍നിന്നും ഒഴിഞ്ഞുമാറാനും ഇതു സഹായകമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല