സ്വന്തം ലേഖകൻ: സിറിയയില്‍ അല്‍ അസദ് വീണതിനുശേഷം മനുഷ്യരുടെ അറവുശാലയായി കുപ്രസിദ്ധി നേടിയ സായ്ദ്‌നായ ജയിലില്‍ നിന്ന് തടവുകാര്‍ സ്വതന്ത്രരാക്കപെടുകയാണ്. രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, അസദ് കുടുംബത്തെ ചോദ്യം ചെയ്തവര്‍, മാറ്റത്തിനായി വാദിച്ചവര്‍ തുടങ്ങി നിരവധി പേരെയാണ് ഈ കുപ്രസിദ്ധ ജയിലിലടച്ചിരുന്നത്. പതിറ്റാണ്ടുകളായി സിറിയന്‍ മിലിട്ടറി പോലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്നാണ് സെയ്ദ്നയ ഭരിച്ചിരുന്നത്. 1987 മുതലാണ് ഈ ജയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഹഫീസ് അല്‍ അസദ് ഭരിക്കുമ്പോഴാണ് ഇത് പ്രവര്‍ത്തിച്ചുതുടങ്ങിയത്. നിലവില്‍ എത്ര തടവുകാര്‍ ഇതിനുള്ളിലുണ്ടെന്ന കൃത്യമായ കണക്കുകള്‍ എവിടെയും ലഭ്യമല്ല. 20000 ആളുകളെ വരെ ഈ ജയിലില്‍ ഉള്‍ക്കൊള്ളാനാകുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബേസ്‌മെന്റുകളും രഹസ്യഅറകളും രഹസ്യവാതിലുകളും തുരങ്കങ്ങളും തുടങ്ങി ആരൊക്കെ എവിടെയൊക്കെ പാര്‍ക്കുന്നുവെന്ന് തീരെ കണ്ടുപിടിക്കാനാകാത്ത വിധത്തിലാണ് ജയിലിന്റെ നിര്‍മാണം. ഇക്കഴിഞ്ഞ ദിവസം വരെ ജയിലിനുള്ളില്‍ നിന്നുള്ള ഒരു ഫോട്ടോ പോലും പുറംലോകത്തിന് ലഭ്യവുമായിരുന്നില്ല. ഓരോ ആഴ്ചയും ജയിലില്‍ ഒരു ഡസന്‍ പേരെങ്കിലും വധിക്കപ്പെടാറുണ്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. 2011 നും 2016 നും ഇടയില്‍ മാത്രം 13,000 സിറിയക്കാര്‍ വരെ കൊല്ലപ്പെട്ടതായി ആംനെസ്റ്റി കണക്കാക്കുന്നു. ആ ജയിലിനുള്ളില്‍ തീരെ ചെറിയ കുട്ടികള്‍ വരെ പാര്‍ത്തിരുന്നതായി തടവുകാരുടെ മോചനത്തിനുശേഷം പുറത്തുവന്ന വിഡിയോ തെളിയിക്കുന്നു.
മനുഷ്യാവകാശ സംഘടനകള്‍ ബ്ലാക്ക് ഹോളെന്നും മനുഷ്യരുടെ അറവുശാലയെന്നുമാണ് ഈ ഇരുണ്ട തടവറെയെ വിളിച്ചിരുന്നത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് വടക്ക് 30 കിലോമീറ്റര്‍ അകലെ (ഏകദേശം 19 മൈല്‍) ഹാഫിസ് അല്‍-അസാദിന്റെ വസിതിയ്ക്കടുത്താണ് ഈ കുപ്രസിദ്ധ ജയില്‍. അതികഠിനമായ സുരക്ഷയാണ് ഈ കെട്ടിടത്തിനുള്ളത്.
സാധാരണ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വധശിക്ഷകള്‍ നടക്കാറുള്ളതെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ എല്ലുവിന്‍ എന്ന സ്ത്രീ ഫ്രാന്‍സ് 24നോട് പറഞ്ഞു. വധിക്കുന്നതിന് മുന്‍പായി മൂന്ന് മിനിറ്റില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുന്ന ഒരു വിചാരണ ഒരു വഴിപാടുപോലെ നടത്തും. ഇതിനുശേഷം ഇവരെ ബേസ്‌മെന്റിലെത്തിച്ച് നേരെ തൂക്കിക്കൊല്ലും. കൊല്ലുന്നതിനുമുന്‍പ് പോലും അതിക്രൂരമായി മര്‍ദിക്കും. മൃതദേഹങ്ങള്‍ ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് ഞെരിച്ച് നശിപ്പിക്കാറുപോലുമുണ്ടെന്നും രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ജയിലില്‍ ചിലര്‍ക്കൊക്കെ വിശന്ന് മരിച്ച് ഈ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഗ്യമുണ്ടായെങ്കിലും മറ്റുചിലര്‍ അവിടെ നല്‍കുന്ന ഒരു പഴത്തിന്റെയോ ഒരു സ്പൂണ്‍ ധാന്യപ്പൊടിയുടെയോ ബലത്തില്‍ മരണത്തിനും സഹനത്തിനുമിടയിലുള്ള പാലത്തിലൂടെ നടന്നു. തടവറയിലെ മാനസിക പീഡനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ തങ്ങളുടെ ജീവിതത്തിലുടനീളം വേട്ടയാടുന്ന ട്രോമയായി നിലനില്‍ക്കുമെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. തടവുകാര്‍ക്ക് എത്രമാത്രം ഭയപ്പെടാനാകുമെന്നതിന്റെ പരിധിയെ നിരന്തരം പരീക്ഷിക്കുന്ന വിധത്തിലായിരുന്നു ജയിലിലെ മാനസിക പീഡനങ്ങള്‍.
സഹതടവുകാരെ വല്ലാതെ ദേഹോപദ്രവമേല്‍പ്പിക്കുമ്പോള്‍ അവര്‍ അലറി വിളിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്ത് തങ്ങളെ കേള്‍പ്പിക്കുമായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ഏതുനിമിഷവും തൂക്കിലേറ്റപ്പെടാമെന്ന ഭയത്തിന്റെ മുനയില്‍ അവരെ സദാനിര്‍ത്തി. സ്ത്രീകള്‍ ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ബന്ധുക്കളായ തടവുകാരെ നിര്‍ബന്ധിച്ചു. ഇല്ലെങ്കില്‍ അവരേയും മര്‍ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
തടവിനൊരു അറ്റം മാത്രമേയുള്ളൂവെന്നും അത് മരണമല്ലാതെ മറ്റൊന്നുമാകില്ലെന്നും ഉറപ്പിച്ച് ജീവിച്ചവരോടാണ് കഴിഞ്ഞ ദിവസം വിമതര്‍ നിങ്ങളിനി സ്വതന്ത്രരാണെന്ന് പറയുന്നത്. ചിലരെല്ലാം അതുള്‍ക്കൊള്ളാനാകെ, അത് വിശ്വസിക്കാന്‍ ധൈര്യം പോലുമില്ലാതെ ബോധംകെട്ടുവീണു. സേമര്‍ ജൗദത് ഇസ്മയില്‍ എന്നയാള്‍ അതിനുദാഹരണമാണ്. ഒരിക്കലും തുറന്നുകണ്ടിട്ടില്ലാത്ത ആ ഇരുണ്ട തടവറയുടെ വാതില്‍ ഇപ്പോള്‍ മലര്‍ക്കെ തുറന്നുകിടക്കുകയാണെങ്കിലും പ്രിയപ്പെട്ടവരെ തിരഞ്ഞ് ബന്ധുക്കള്‍ ഓടിക്കിതച്ചെത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ആര്‍ക്കും ഒരു ഊഹംപോലുമില്ലാത്ത രഹസ്യ അറകളില്‍ ഇപ്പോഴും വെളിച്ചം കാത്ത് മനുഷ്യര്‍ കിടപ്പുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല