സ്വന്തം ലേഖകന്‍: സൗജന്യ എടിഎം സേവനം നിര്‍ത്തി ഓരോ ഇടപാടിനും 25 രൂപ പിടിക്കാന്‍ എസ്ബിഐ, രാജ്യ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ച് തലയൂരി. സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്നു വിവാദ സര്‍ക്കുലര്‍ ഇറക്കിയ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു ഉത്തരവ് തിരുത്തി. രാജ്യ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് തിരുത്താന്‍ നിര്‍ബന്ധിതരായത്.
എന്നാല്‍, ഉത്തരവ് തയാറാക്കിയപ്പോഴുണ്ടായ അവ്യക്തത ആശയക്കുഴപ്പത്തിനിടയാക്കുകയായിരുന്നുവെന്നാണു ബാങ്ക് അധികൃതരുടെ വിശദീകരണം. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനം ഒഴിവാക്കുന്നുവെന്നും എടിഎം വഴിയും ബഡ്ഡി വാലറ്റ് മുഖേനയുള്ള ഓരോ പണമിടപാടുകള്‍ക്കും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതിഷേധങ്ങളുടെ പ്രളയമായിരുന്നു ഇന്നലെ.
കേരള ധനമന്ത്രി ടി.എം. തോമസ് ഐസക്കും ഉത്തരവിനെ വിമര്‍ശിച്ചു രംഗത്തെത്തി. യുവജനസംഘടനകള്‍ ബാങ്കുകളിലേക്കു മാര്‍ച്ചു നടത്തി. നാനാകോണുകളില്‍നിന്നു പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വൈകുന്നേരം ആറോടെ എസ്ബിഐ പഴയ ഉത്തരവ് തിരുത്തി, പുതിയതു പുറത്തിറക്കുകയായിരുന്നു.പുതിയ ഉത്തരവു പ്രകാരം സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (മിനിമം ബാലന്‍സ് നിര്‍ബന്ധമായവ) ഉടമകള്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ പത്തും മെട്രോ നഗരങ്ങളില്‍ എട്ടും തവണ സൗജന്യമായി പണം പിന്‍വലിക്കാം.
ഗ്രാമപ്രദേശങ്ങളില്‍ എസ്ബിഐ എടിഎം വഴി അഞ്ചു തവണയും മറ്റു ബാങ്കുകളുടെ എടിഎം വഴി അഞ്ചു തവണയുമാണിത് (ആകെ പത്ത്). മെട്രോ നഗരങ്ങളില്‍ എസ്ബിഐ എടിഎം വഴി അഞ്ചും മറ്റു ബാങ്കുകളുടെ എടിഎം മുഖേന മൂന്നും സൗജന്യ ഇടപാടുകള്‍(ആകെ എട്ട്) നടത്താന്‍ കഴിയും. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ്(ബിഎസ്ബിഡിമിനിമം ബാലന്‍സ് നിര്‍ബന്ധമില്ലാത്ത ജന്‍ധന്‍ അടക്കമുള്ള) അക്കൗണ്ട് ഉടമകള്‍ക്ക് നാലുതവണ മാത്രമേ ഇവര്‍ക്കു ജൂണ്‍ ഒന്നു മുതല്‍ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല