സ്വന്തം ലേഖകന്‍: എസ് ബി ടി ഓര്‍മ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഏപ്രില്‍ ഒന്നു മുതല്‍ എസ് ബി ഐ മാത്രം. ബാങ്ക് ലയനം യാഥാര്‍ഥ്യമാകുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐയില്‍ ലയിക്കുക. ഈ മാസം 25 നുള്ളില്‍ എസ്ബിടിയുടെ എല്ലാ ബോര്‍ഡുകളും മാറ്റി എസ്ബിഐയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എടിഎമ്മുകളുടെ ബോര്‍ഡുകള്‍ മിക്കയിടത്തും മാറ്റിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് എസ്ബിടിഎസ്ബിഐ ലയനത്തിന് യാതൊരുമാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പകുതിയോളം എസ്ബിടിയുടെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നുറപ്പായി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ എസ്ബിടി ശാഖകളും എസ്ബിഐ ആയിട്ടാവും പ്രവര്‍ത്തിക്കുക. എസ്ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, ജയ്പൂര്‍, ഹൈദരാബാദ്, മൈസൂര്‍, പട്യാല എന്നീ ബാങ്കുകളിലെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഇടപാടുകാരായി കണക്കാക്കുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണമെങ്കിലും പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ശാഖകള്‍ക്കുപുറമെ 27 സോണല്‍ ഓഫീസുകള്‍, 81 റീജ്യണല്‍ ഓഫീസുകള്‍, 11 നെറ്റ് വര്‍ക്ക് ഓഫീസുകള്‍ എന്നിവയും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇത്രയും ശാഖകളിലെ ജീവനക്കാരെ എസ്ബിഐ ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല.
ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ എസ്ബിടി ശാഖകളും എസ്ബിഐ ആയി മാറുമെങ്കിലും എസ്ബിഐ ഇടപാടുകാര്‍ക്കു നിശ്ചിത കാലത്തേക്ക് ഇവിടെയെത്തി പണം നിക്ഷേപിക്കാന്‍ കഴിയില്ല. ഏപ്രില്‍ 21, 22 തീയതികളില്‍ ഇരു ബാങ്കുകളും തമ്മിലുള്ള ഡാറ്റാ സംയോജനം നടന്നതിനു ശേഷമേ എല്ലാ എസ്ബിടി ഇടപാടുകാര്‍ക്കും ഈ പ്രയോജനം ഉപയോഗിക്കാനാവൂ. എസ്ബിഐയായി മാറുന്ന എസ്ബിടി ശാഖകളില്‍നിന്നുള്ള വായ്പകള്‍ക്കും ഒരു മാസത്തോളം നിയന്ത്രണമുണ്ടാകും. ഏപ്രില്‍ ഒന്നിന് ലയനം യാതാര്‍ത്ഥ്യമാകുന്നതോടെ 37 ലക്ഷം കോടി നിക്ഷേപമുള്ള ബാങ്കിംഗ് ഭീമനായി എസ്ബിഐ മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല