സ്വന്തം ലേഖകന്‍: എസ്ബിടിക്ക് ഇന്ന് അവസാന ദിവസം, ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ, ശാഖകള്‍ പഴയ പടി തുടരും. 70 വര്‍ഷത്തോളം മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശനിയാഴ്ച മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറും. എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എസ്ബിടി ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കേരളത്തിന്റെ സ്വന്തം ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
എസ്.ബി.ഐ.യില്‍ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ശാഖകളിലെ ജീവനക്കാര്‍ക്കും മാറ്റമില്ല. അക്കൗണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോള്‍ മാറുന്നില്ല. ചെക്ക് ബുക്കും ഇന്റര്‍നെറ്റ് സൗകര്യവും തുടര്‍ന്നും ഉപയോഗിക്കാം. ജൂണ്‍വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം. അടുത്തടുത്തുള്ള 160 ശാഖകള്‍ സ്ഥലപ്പേരില്‍ അല്പം മാറ്റംവരുത്തി നിലനിര്‍ത്തും. ഒരേസ്ഥലത്ത് രണ്ട് ശാഖകള്‍ വരുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. ഇവയുടെ ഐ.എഫ്.എസ്.സി. കോഡ് മാറില്ല.
എല്ലാ ശാഖകളിലും ശനിയാഴ്ചയോടെ എസ്.ബി.ഐ.യുടെ ബോര്‍ഡുകള്‍ വെയ്ക്കും. എസ്.ബി.ഐ.യുടെയും ലയിക്കുന്ന ബാങ്കുകളുടെയും അക്കൗണ്ട്, ഇടപാട് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുന്നത്(ഡാറ്റാ ലയനം) ഏപ്രില്‍ 23നേ പൂര്‍ത്തിയാവൂ. എസ്.ബി.ടി.യുടെ പൂജപ്പുരയിലെ ആസ്ഥാനമന്ദിരമായിരിക്കും കേരളത്തിലെ എസ്.ബി.ഐ.യുടെ മേഖലാ ആസ്ഥാനം. ഇപ്പോള്‍ എസ്.ബി.ഐ.യുടെ മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുന്നിടത്തുനിന്ന് ആഴ്ചകള്‍ക്കകം ഇവിടേക്ക് പ്രവര്‍ത്തനം മാറ്റും. എസ്.ബി.ടി. മേധാവിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് എന്ത് പദവി വഹിക്കുമെന്ന കാര്യത്തില്‍ ദിവസങ്ങള്‍ക്കകം തീരുമാനമുണ്ടാകും.
ജീവനക്കാരുടേയും കേരള സര്‍ക്കാരിന്റേയും പ്രതിഷേധത്തെ മറികടന്ന ബാങ്കും കേന്ദ്ര സര്‍ക്കാരും ലയന നീക്കവുമായി മുന്നോട്ടു പോകുകയായിരുന്നു. മലയാളികളുടെ കാര്‍ഷിക മേഖലയുടെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിയുടെയും നെടുംതാണായി പ്രവര്‍ത്തിച്ച എസ്ബിടിക്ക് 72 വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബം 1945 ലാണ് തിരുവിതാംകൂര്‍ കമ്പനി നിയമപരമായി റജിസ്റ്റര്‍ ചെയ്തത്. 1946 ജനുവരി 17ന് പ്രവര്‍ത്തനം ആരംഭിച്ച പഴയ ട്രാവന്‍കൂര്‍ ബാങ്ക് 1959 ലാണ് കേരളത്തിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആകുന്നത്.
1200 ശാഖകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനുള്ളത്. ഇവിടങ്ങളിലായി 14000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ലയനത്തോടെ അധികമായി വരുന്ന ജീവനക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ വിആര്‍എസ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിടിയുടെ 14,892 ജീവനക്കാരും 1,60,473 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പകളും ഇനി എബിഐയുടെ സ്വന്തമാകും. എസ്ബിടിയുടെ 36,123 കോടി രൂപയുടെ മൂലധനവും 338 കോടി രൂപയുടെ അറ്റാദായവും സ്വന്തമാകുന്നതോടെ ബാങ്കിംഗ് ഭീമനാകുള്ള ലക്ഷ്യത്തിന് എസ്ബിഐ അല്പം കൂടി അടുത്തെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല