ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ എന്‍എച്ച്എസ് എടുക്കുന്ന പല തീരുമാനങ്ങളും നേഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ നേരെയാണ്. എന്നാല്‍ വാസ്തവത്തില്‍ എന്‍എച്ച്എസിന് ഇത്രയേറെ ചെലവ് ഉണ്ടാകാന്‍ കാരണം എന്തെന്ന് അന്വേഷിക്കുവാന്‍ അധികൃതര്‍ പലപ്പോഴും തയ്യാറാവുന്നുമില്ല. ഇത്തരത്തില്‍ എന്‍എച്ച്എസ് അനാവശ്യമായി ചിലവാക്കുന്ന ഒരു കണക്ക് കൂടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എന്‍എച്ച്എസ് ശരീരത്തില്‍ പതിച്ച റ്റാറ്റൂ മായ്ച്ചു കളയാന്‍ വേണ്ടി ചിലവാക്കിയത് എത്രയെന്നോ, 203,499 പൌണ്ട്!
എന്നാല്‍ ഇതില്‍ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റും ഉള്‍പ്പെടുന്നില്ല എന്നതാണു മറ്റൊരു കാര്യം, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്തില്‍ 144 ട്രസ്റ്റുകളില്‍ 56 ട്രസ്റ്റുകളും അവരുടെ കണക്കുകള്‍ തരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഈ എന്‍എച്ച്എസ് ട്രസ്റ്റുകളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല, കണക്കുകള്‍ നല്‍കിയതില്‍ 88 ട്രസ്റ്റുകളില്‍ പകുതിയും ഈ തുക ചിലവഴിച്ചത് ലേസര്‍ ഉപയോഗിച്ച് ശരീരത്തിലെ റ്റാറ്റൂ മായ്ച്ചു കളയാന്‍ വേണ്ടിയാണ്. ഏറെ വിചിത്രമായ കാര്യം ഏറെ മാരകമായ നിരവധി രോഗങ്ങള്‍ ഉണ്ടായിട്ടും അവയ്ക്കൊന്നും ചിലവാക്കാതെ ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി ഇത്രയും വലിയൊരു തുക ചിലവഴിച്ചു എന്നുള്ളതാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് നോര്‍ത്ത് ലാങ്കന്ഷെയറിലെ ട്രസ്റ്റാണ്, 139,828 പൌണ്ടാണ് ഇതിനായി അവര്‍ ചിലവഴിച്ചത്. ന്യൂ കാസ്റ്റലിലെ നോര്തംബാര്ലാന്ഡ്, നോര്‍ത്ത് ടിനെസൈഡ് ട്രസ്റ്റുകള്‍ 28,515 പൌണ്ടും ചിലവഴിച്ചു. നിലവില്‍ ശരീരത്തില്‍ നിന്നും റ്റാറ്റൂ നീക്കം ചെയ്യണമെങ്കില്‍ സൈക്കോളജിസ്റ്റ് രോഗികള്‍ക്ക് ഇത് ഉപദ്രവം ഉണ്ടാക്കുന്നുണ്ടെന്നു വ്യക്തമാക്കേണ്ടതുണ്ട് എന്നിരുന്നാലും ഇതിനെ ഒരു രോഗമായി കാണാന്‍ പറ്റുമോ എന്നതാണു സംശയം.
ഈ കണക്കുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ടോറി എംപി ക്രിസ് സ്കിഡ്മോര്‍ പറഞ്ഞത് ഇതൊരിക്കലും സ്വീകാര്യമായ കാര്യമല്ല എന്നാണു. ഈ ചിലവഴിച്ച ഓരോ പൌണ്ടും മറ്റു പല അത്യാവശ്യ കാര്യങ്ങള്‍ക്കും ചിലവഴിക്കേണ്ടാതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാക്സ്പെയെര്സ് അല്ലൈന്‍സ് പറഞ്ഞത് ശരീരത്തില്‍ റ്റാറ്റൂ കുത്തുന്നതും മറ്റും ഒരാളുടെ വ്യക്തിപരമായ താലപര്യമാണ് ഒരിക്കല്‍ റ്റാറ്റൂ പതിപ്പിച്ച ശേഷം പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയാല്‍ അത് അവര്‍ സ്വയം നീക്കം ചെയ്യേണ്ടതാണ് അല്ലാതെ ഇതിനായി ജനങ്ങള്‍ നല്കുന്ന നികുതിപ്പണം ഉപയോഗിക്കുന്നത് നന്നല്ല എന്നാണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല