സ്വന്തം ലേഖകന്‍: ഹോളിവുഡിലും ലിംഗ വിവേചനം ശക്തം, സിനിമകളുടെ കളക്ഷനും കിട്ടുന്ന ശമ്പളവുമായി ഒരു ബന്ധവുമില്ല, തുറന്നടിച്ച് ഹോളുവുഡ് താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. മേരി ക്ലയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോഹാന്‍സണ്‍ ഹോളിവുഡില്‍ പ്രതിഫലക്കാര്യത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ച് മനസു തുറന്നത്. ‘ഞാന്‍ അഭിനയിച്ച സിനിമകള്‍ വാരിക്കൂട്ടുന്ന കാശും എനിക്ക് കിട്ടുന്ന പ്രതിഫലവുമായി ഒരു ബന്ധവുമില്ല; സെക്‌സിസം ലോകമെമ്പാടും ഉള്ള ഒരു സത്യാവസ്ഥയാണ്; മകളെ മുലയൂട്ടുന്ന സമയത്ത് ഒരിക്കല്‍ ഓസ്‌കാര്‍ വേദിയിലേക്ക് ബ്രസ്റ്റ് പമ്പ് കടത്തിക്കൊണ്ട് പോയിരുന്നു,’ ജോഹാസണ്‍ പറയുന്നു.
2016 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച ഹോളിവുഡ് താരങ്ങളുടെ പട്ടികയില്‍ ജോഹാന്‍സണ്‍ ഒന്നാതെത്തിയിരുന്നു. ലോകമെമ്പാടും നടന്ന ടിക്കറ്റ് വില്‍പ്പനയും ബോക്‌സ് ഓഫീസ് ഡാറ്റ വിശകലനവും നടത്തിയാണ് ഫോബ്‌സ് മാഗസിന്‍ പട്ടിക തയ്യാറാക്കിയത്. ജോഹാന്‍സണ്‍ അഭിനയിച്ച ക്യാപ്ടന്‍ അമേരിക്ക സിവില്‍ വാര്‍, കോഎന്‍ ബ്രദേഴ്‌സ്, ഹെയില്‍ സീസര്‍ എന്നീ ചിത്രങ്ങള്‍ 2016ല്‍ നേടിയത് 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്.
‘ഞാന്‍ ഇവിടുത്തെ എക്കാലത്തെയും മികച്ച ഗ്രോസ് കളക്ഷന്‍ ഉള്ള ആര്‍ടിസ്റ്റ് ആയിരിക്കാം, പക്ഷെ അതിനര്‍ത്ഥം അതിനനുപാതമായ ശമ്പളം കൈപ്പറ്റുന്നു എന്നല്ല’, 32 കാരിയായ ജോഹാന്‍സണ്‍ പറയുന്നു. ‘കടന്നു വന്ന വഴികള്‍, നടത്തിയ പോരാട്ടങ്ങള്‍, സ്‌പോട്ട് ലൈറ്റിലേക്കെത്തും വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഫിക്കിളും പൊളിറ്റിക്കലുമാണ് ഹോളിവുഡ്. ഇന്നെനിക്കുള്ളതെല്ലാം ഞാന്‍ പോരാടി നേടിയതാണ്.’
‘വിക്കി ക്രിസ്റ്റിന ബാര്‍സലോണ എന്ന ചിത്രം മുതല്‍ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും ഞാന്‍ പിന്‍വലിഞ്ഞിരുന്നു. ഒരു പക്ഷെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള എല്ലാ സ്ത്രീകളും തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും എന്നൊരു തോന്നല്‍ എന്റെ ഉപബോധമനസ്സില്‍ ഉണ്ടായിരുന്നതായിരിക്കണം കാരണം,’ ജോഹാന്‍സണ്‍ ഓര്‍മ്മിക്കുന്നു.
മകളെ മുലയൂട്ടുന്ന സമയത്തൊരിക്കല്‍ ഓസ്‌കാര്‍ അവാര്‍ഡ് വേദിയിലേക്ക് ബ്രസ്റ്റ് പമ്പ് കടത്തിയതായും ജോഹാന്‍സണ്‍ മേരി ക്ലയര്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘എനിക്കത് ചെയ്യേണ്ടി വന്നു. കാരണം മുലയൂട്ടുന്ന ഒരമ്മയെ സംബന്ധിച്ച് കുഞ്ഞ് കുടിക്കുന്ന പാലിന് സ്വര്‍ണത്തിന്റെ മൂല്യമാണ്. ഒരു ബാഗില്‍ ഐസ് പായ്ക്കുകള്‍ക്കിടയില്‍ സൂക്ഷിച്ച് വച്ചാണ് കൊണ്ട് വന്നത്,’
‘ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നുണ്ട്, Sexism is real. ഞാനറിയുന്ന ഒരൊറ്റ സ്ത്രീ പോലും അതിലൂടെ കടന്നു പോകാത്തതായില്ല,’ എന്ന് തുറന്നു പറയുന്നു ജോഹാന്‍സണ്‍. ഗോസ്റ്റ് ഇന്‍ ദി ഷെല്‍, റോക്ക് ദാറ്റ് ബോഡി എന്നീ ചിത്രീകരണങ്ങളാണ് ജോഹാന്‍സന്റേതായി ഈ വര്‍ഷം പുറത്തിറങ്ങാനുള്ളത്. അവന്‍ജെര്‍സ് സീരീസിലെ ഇന്‍ഫിനിറ്റി വാര്‍ 2018 ല്‍ പുറത്തുവരും.
ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലെഷന്‍ എന്നാ ചിത്രത്തിന് മികച്ച നടിക്കുള്ള ബാഫ്റ്റ അവാര്‍ഡ് നേടിയ സ്‌കാര്‍ലെറ്റ് ഒന്നിലധികം തവണ ‘Sexiest Women in the World’ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 2014 ലില്‍ വിവാഹിതയായ ജോഹാന്‍സന്റെ മകള്‍ റോസിനിപ്പോള്‍ രണ്ടു വയസുണ്ട്. കുഞ്ഞിന്റെ അച്ഛന്‍ റോമൈന്‍ ദൂറിയാക്കുമായി ഒരു വര്‍ഷം മുമ്പ് ജോഹാന്‍സണ്‍ വേര്‍പിരിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല