1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2023

സ്വന്തം ലേഖകൻ: യൂറോപ്പിലേക്കുള്ള ഏകീകൃത വീസയായ ഷെങ്കന്‍ വീസ ഡിജിറ്റലാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതേ തുടര്‍ന്ന് ഷെങ്കന്‍ വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഡിജിറ്റലാവുന്നതോടെ വീസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതല്‍ ലളിതവും വേഗത്തിലുമാവും. പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതിയും വീസ ഡിജിറ്റലാവുന്നതോടെ ഇല്ലാതാവും.

ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്‌ഫോം വഴി ഷെങ്കന്‍ വീസയ്ക്കുള്ള എല്ലാ അപേക്ഷകളും നല്‍കാനാവും. നടപടികളെല്ലാം ഒരൊറ്റ വെബ്‌സൈറ്റ് വഴിയാക്കും. പ്രത്യേക രജിസ്‌ട്രേഷനുകള്‍ ആവശ്യമായ രാജ്യങ്ങളുടെ വീസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ടാകും. സഞ്ചാരികള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫീസുകള്‍ അടക്കാനും സാധിക്കും. വീസ അപേക്ഷയുടെ തുടര്‍നടപടികളും വെബ്‌സൈറ്റിലൂടെ തന്നെ അറിയാം.

വീസയ്ക്കായി വീസ ഓഫീസുകളിലും കോണ്‍സുലേറ്റുകളിലും പോകുന്നതും കുറയ്ക്കാനാകും. ഡിജിറ്റലാവുന്നതോടെ ഷെങ്കന്‍ വീസയിലെ യാത്രികരുടെ സുരക്ഷയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വീസ തട്ടിപ്പും അനധികൃത യാത്രകളും വീസ മോഷണവും പൂര്‍ണമായി തടയാനാകും. വീസയ്ക്കുള്ള ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. പക്ഷെ, ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക്ക് വിവരങ്ങള്‍ മാറിയവരും പഴയ രീതിയില്‍ തന്നെ അപേക്ഷിക്കേണ്ടി വരും.

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വീസയാണ് ഷെങ്കന്‍ വീസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വീസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വീസ നല്‍കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക്, ഗ്രീസ്‌, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വീസ നിലവിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.