സ്വന്തം ലേഖകന്‍: വിസയില്ലാതെ 34 യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍നം നടത്താന്‍ ആവശ്യമായ ഷെങ്കണ്‍ വിസയില്‍ നിന്ന് യുഎഇയെ ഒഴിവാക്കി. യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇനി മുതല്‍ ഷെങ്കണ്‍ വിസ എടുക്കാതെ തന്നെ 34 യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാം.
യുഎഇ നയതന്ത്ര തലത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായാണ് ഈ തീരുമാനം കരുതപ്പെടുന്നത്. ബുധനാഴ്ച ബ്രസല്‍സിലെ യൂറോപ്യന്‍ യൂനിയന്‍ ഓഫിസില്‍ വച്ചായിരുന്നു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
യൂറോപ്യന്‍ യൂനിയനിലെ യുഎഇ അംബാസഡര്‍ സുലൈമാന്‍ അല്‍ മസ്‌റൂയിയും യൂറോപ്യന്‍ യൂനിയന്‍ പെര്‍മനന്റ് റെപ്രസന്റേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ലിസെ ജുഹാന്‍സണും തമ്മിലാണ് ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
കരാര്‍ ഒപ്പുവെച്ചതോടെ വ്യാഴാഴ്ച മുതല്‍ യുഎഇ സ്വദേശികള്‍ക്ക് വിസ ആവശ്യം ഇല്ലാതായി. ഷെങ്കണ്‍ വിസയില്‍ നിന്ന് ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യവും രണ്ടാമത്തെ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ ഇസ്ലാമിക രാജ്യവുമാണ് യുഎഇ എന്ന പ്രത്യേകതയുമുണ്ട്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ഇടപെടലുകള്‍ക്കും ഒടുവില്‍ 2014 ജൂണിലാണ് യുഎഇ സ്വദേശികള്‍ക്ക് വിസയില്ലാത്ത യാത്ര അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ തുടര്‍ച്ചയായി 90 ദിവസം ഇത്തരക്കാര്‍ക്ക് താമസിക്കാം.
യൂറോപ്യന്‍ യൂണിയനിലെയും യുഎഇയിലേയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല