സ്കൂള്‍ കുട്ടികളെ നിരീക്ഷിക്കാനായി രാജ്യമെമ്പാടുമുളള സ്കൂളുകളില്‍ ഒരു ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ചില സ്കൂളുകളുടെ നിരീക്ഷണമാകട്ടെ വിദ്യാര്‍ത്ഥികളുടെ ടോയ്ലറ്റിലേക്കും ചേഞ്ചിംഗ് റൂമുകളിലേക്കും വരെ എത്തുന്നു. കളിസ്ഥലങ്ങളിലും ക്ലാസ്റൂമുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുളളതിന് പുറമേയാണിത്. ചില സ്കൂളുകളില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ശരാശരി കണക്ക് അനുസരിച്ച് ചുരുങ്ങിയത് മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരെണ്ണമെന്ന കണക്കിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുളളത്. വിദ്യാര്ത്ഥികള്ക്കിടയിലുളള അക്രമം, നശീകരണ പ്രവണത, മോഷണം എന്നിവ തടയാനാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുളളത് എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
പുതിയ വെളിപ്പെടുത്തല്‍ മാതാപിതാക്കളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 200ലധികം സ്കൂളുകളുടെ ടോയ്ലറ്റുകളിലും ചേഞ്ചിംഗ് റൂമുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇംഗ്ലണ്ടിലും വെയില്സിലുമായുളള സെക്കന്‍ഡറി സ്കൂളുകളില്‍ മൊത്തം 106,710 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ തെരുവുകള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ നാലിലൊന്ന് വരും ഇത്. ബിഗ് ബ്രദര്‍ വാച്ച് ടിവിഷോയിലാണ് ഈ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
എന്നാല്‍ പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ച് കയറുന്നുണ്ടോ, കുട്ടികള്‍ സ്കൂളിന് പുറത്തേക്ക് പോകുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാനായി പല സ്കൂളുകളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുമില്ല. സാധാരണയായി 38 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്യാമറ എന്നതാണ് കണക്ക്. എന്നാല്‍ 54 സ്കൂളുകളില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്യാമറ എന്ന നിലയിലും ചിലയിടത്ത് അത് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് എന്ന നിലയിലുമാണ്. ക്യാമറ വിദ്യാര്‍ത്ഥി അനുപാതത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കിംഗ് കാത്തലിക് സ്കൂളും മെര്‍സിസൈഡിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഫോര്‍ ലേണിംഗ് ഇന്‍ നോസ്ലിയുമാണ്.
വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളില്‍ മൊത്തം 825 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബറിയിലെ റാഡ്ക്ലിഫ് റിവര്‍സൈഡ് സ്കൂളില്‍ ചേഞ്ചിംഗ് റൂമില്‍ മാത്രം 20 ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. സംഭവത്തെ കുറിച്ച് അടിയന്തിരമായ അന്വേഷണം ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. സ്കൂളുകളിലെ സിസിടിവി നിരീക്ഷണത്തിന് കൃത്യമായ മാര്‍ഗ്ഗ രേഖകള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ക്യാമറകള്‍ എവിടെസ്ഥാപിച്ചിരിക്കുന്നു, എപ്പോഴാണ് ഫുട്ടേജുകള്‍ പരിശോധിക്കുന്നത് തുടങ്ങി ആരൊക്കെ ദൃശ്യങ്ങള്‍ കാണുന്നുണ്ട് എന്നു വരെയുളള കാര്യങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അടുത്തുതന്നെ നടപ്പിലാക്കാന്‍ പോകുന്ന പ്രൊട്ടക്ഷന്‍ ഫോര്‍ ഫ്രീഡംസ് ആക്ട് അനുസരിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നവര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ ഉണ്ടാകുമെന്നും അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണന്നും പറയുന്നുണ്ട്. എന്നാല്‍ മാര്‍ഗ്ഗരേഖ ഇതുവരെ അന്തിമരൂപത്തിലെത്തിയിട്ടില്ല. മാര്‍ഗ്ഗരേഖ ലംഘിക്കുന്നവര്‍ക്ക് ഉളള ശിക്ഷയും നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. നിയമം നടപ്പിലാക്കാനോ പരിശോധന നടത്താനോ ഉളള അധികാരം സര്‍വ്വേയിലന്‍സ് ക്യാമറ കമ്മീഷണര്‍ക്ക് നല്‍കുകയും ചെയ്തിട്ടില്ല. എന്നാല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാന്‍ ഹെഡ്ടീച്ചറേയും മറ്റ് അദ്ധ്യാപകരേയും സഹായിക്കുന്നുണ്ടെന്നും അതില്‍ മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ലോക്കല്‍ എഡ്യുക്കേഷന്‍ അതോറിറ്റികളുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല