സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളി യൂറോപ്പ്; ഏറ്റവും ചൂട് സ്‌പെയിനിലും പോര്‍ച്ചുഗലിലും; ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ചൂടിനു പിന്നാലെയെത്തിയ കാട്ടുതീയും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെ വലയ്ക്കുകയാണ്.
സ്‌പെയിനും പോര്‍ച്ചുഗലുമാണ് അസഹ്യമായ ചൂടു നേരിടുന്നത്. പോര്‍ച്ചുഗലിലെ എട്ടു സ്ഥലങ്ങള്‍ താപനില റിക്കാര്‍ഡുകള്‍ ഭേദിച്ചു. 47 ഡിഗ്രി സെല്‍ഷസാണ് ചില സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയത്. തലസ്ഥാനമായ ലിസ്ബണില്‍ 44 ഡിഗ്രി രേഖപ്പെടുത്തി. ലിസ്ബണില്‍ 37 വര്‍ഷം മുന്പു രേഖപ്പെടുത്തിയ 43 ഡിഗ്രി റിക്കാര്‍ഡാണ് മറികടന്നത്.
സ്‌പെയിനിലെ ബദാഹോസ് മേഖലയില്‍ കാട്ടുതീ പടരുന്നു. ഇവിടെ, താപനില 43 ഡിഗ്രിയാണ്. വടക്കന്‍ യൂറോപ്പില്‍ സ്വീഡനിലും കാട്ടുതീ ഉണ്ടായി. ചൂടുമൂലം കാലാവസ്ഥ വരണ്ടതാണ് കാട്ടുതീ പടരാന്‍ കാരണം. പോളണ്ടിലും ചൂടിനു കുറവില്ല.
ഫ്രാന്‍സില്‍ ഊര്‍ജോത്പാദന കന്പനിയായ ഇഡിഎഫ് ആണവ റിയാക്ടറുകള്‍ നിര്‍ത്തിവച്ചു. റൈന്‍, റോണ്‍ നദികളിലെ വെള്ളം ഉപയോഗിച്ചാണ് റിയാക്ടറുകള്‍ തണുപ്പിക്കുന്നത്. റിയാക്ടറുകളില്‍നിന്നുള്ള ചൂടുള്ള വെള്ളം ഈ നദികളിലേക്കുതന്നെ തിരിച്ചുതള്ളുന്നു. ഇത് നദികളിലെ ചൂടു കൂട്ടാന്‍ ഇടയാക്കുന്നതിനാലാണ് റിയാക്ടറുകള്‍ നിര്‍ത്തിവച്ചത്.
ജര്‍മനിയില്‍ റെയില്‍വേ കമ്പനിക്കാര്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. മഴ കുറഞ്ഞതുമൂലം ജര്‍മന്‍ കര്‍ഷകര്‍ക്കു നഷ്ടം നേരിടുമെന്ന് ആശങ്കയുണ്ട്. സര്‍ക്കാര്‍ ധനസഹായം നല്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്, തങ്ങളുടെ ശീതീകരിച്ച സ്റ്റോറില്‍ കിടന്നുറങ്ങാന്‍ നൂറ് ഉപഭോക്താക്കളെ ക്ഷണിച്ചതും വാര്‍ത്തയായി.
ആല്‍പ്‌സ് പര്‍വതനിരകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മേഖലയിലെ മൗണ്ടന്‍ റെയില്‍ ഗതാഗതവും വലിയ ലാഭം നേടുന്നു. ഇതിനിടെ, ചൂട് സഹിക്കാന്‍ പറ്റാതായതോടെ പട്ടാളക്കാര്‍ യൂണിഫോമിനു പകരം ടീ ഷര്‍ട്ട് ധരിച്ചാല്‍ മതിയെന്ന് സ്വിസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഓസ്ട്രിയന്‍ തലസ്ഥാനുമായ വിയന്നയില്‍ പോലീസ് നായകളെ ഷൂസ് ധരിപ്പിച്ചാണ് പുറത്തിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല