സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള് കുത്തി. ഏപ്രില്‍ 23-നാണ് സംഭവം. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. നാഗ്പുരില്‍നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ചാണ് യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റത്.
കുത്തേറ്റയുടന്‍ വിമാനത്തില്‍വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വൈദ്യസഹായം നല്കി. പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ അപകടനില തരണം ചെയ്ത സ്ത്രീ ആശുപത്രി വിട്ടു. ആശുപത്രിയില്‍ എയര്‍ ഇന്ത്യ പ്രതിനിധിയും യാത്രക്കാരിക്ക് കൂട്ടുണ്ടായിരുന്നു. ഡിസ്ചാര്‍ജ് ആവുംവരെ ഇവര്‍ രോഗിക്കൊപ്പമുണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
സംഭവത്തിനു പിന്നാലെ വിമാനത്തില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തി. യാത്രക്കാര്‍ക്ക് സംഭവിച്ച വേദനയിലും അസൗകര്യത്തിലും എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പക്ഷിയും എലിയുമൊക്കെ എയര്‍ ഇന്ത്യയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു യാത്രക്കാരനെ തേള് കുത്തുന്നത് അത്യപൂര്‍വമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല