സ്വന്തം ലേഖകന്‍: സ്‌കോട്ടിഷ് ഹിതപരിശോധന ബ്രെക്‌സിറ്റിനു ശേഷം മാത്രമെന്ന് സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍. യുകെയില്‍നിന്നു വേര്‍പെടുന്നതു സംബന്ധിച്ചു രണ്ടാമതൊരു ഹിതപരിശോധന ബ്രെക്‌സിറ്റ് നടപ്പാക്കിയ ശേഷമേ ഉള്ളുവെന്നു കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണു സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്.
ഹിതപരിശോധന ഉടന്‍ നടത്തണമെന്ന് ഈയിടത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് സ്റ്റര്‍ജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്എന്‍പിക്കു സീറ്റു കുറഞ്ഞു പോയി. നേരത്തെ 56 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 36 സീറ്റേ കിട്ടിയുള്ളു. ഇതാണ് ഹിതപരിശോധന ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്നാണ് സൂചന.
2014 ല്‍ നടന്ന ഹിതപരിശോധനയില്‍ സ്‌കോട്‌ലന്‍ഡ് യുകെ വിടണമെന്ന് 45 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോല്‍ 55 ശതമാനം പേര്‍ യുകെയില്‍ തുടരണമെന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി സ്‌കോട് എക്‌സിറ്റ് മുഖ്യ രാഷ്ട്രീയ പ്രചരണ ആയുധമാക്കി മുന്നോട്ടു പോകുകയും 2017 മാര്‍ച്ചില്‍ 59 നെതിരെ 69 വോട്ടുകള്‍ക്ക് സ്‌കോട് എക്‌സിറ്റ് പ്രമേയം പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു.
2018 ലോ 2019 ലോ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് എസ്എന്‍പി ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും മറ്റെല്ലാം അതിനു ശേഷമെന്നും പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ഈ ആവശ്യം തള്ളുകയായിരുന്നു. കേരളത്തിന്റെ ഇരട്ടി വലുപ്പവും (78,800 ചതുരശ്ര കിലോമീറ്റര്‍) ആറിലൊന്നു ജനസംഖ്യയും (53 ലക്ഷം) ഉള്ളതാണു സ്‌കോട്‌ലന്‍ഡ്.
യുകെയുടെ ഭൂവിസ്തൃതിയുടെ 37 ശതമാനം വരുന്ന സ്‌കോട്‌ലന്‍ഡ് വിട്ടുപോയാല്‍ ശിഷ്ട യുകെയുടെ ജനസംഖ്യ അഞ്ചരക്കോടിയാകും. എഴുന്നൂറിലേറെ ദ്വീപുകളും വടക്കന്‍ കടലിലെ സമ്പന്നമായ പെട്രോളിയം പ്രകൃതിവാതക നിക്ഷേപവും ഉള്ള സ്‌കോട്‌ലന്‍ഡ് വിട്ടുപോകുന്നതിന് എതിരേ യുകെയിലും പ്രതിഷേധം ശക്തമാണ്. ഇംഗ്‌ളണ്ടും വെയില്‍സും സ്‌കോട്‌ലന്‍ഡും അയര്‍ലന്‍ഡും ചേര്‍ന്നുള്ള യുകെയില്‍നിന്ന് 1920 ല്‍ ഐറിഷ് റിപ്പബ്ലിക്കിന്റെ രക്ഷരൂക്ഷിതമായ വേര്‍പിരിയലിനു ശേഷം നടക്കുന്ന പ്രധാന ഹിതപരിശോധനയാണ് സ്‌കോട് എക്‌സിറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല