സ്വന്തം ലേഖകൻ: യുകെയിലെ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി സ്കോട്ടിഷ് ജില്ലയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടി. അത് അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ ജനപ്രീതി കുതിച്ചുയരുന്നതിന്റെ സൂചകമായാണ് നിരീക്ഷകർ ഈ വിജയത്തെ വിലയിരുത്തുന്നത്.
സ്കോട്ടിഷ് നാഷണൽ പാർട്ടിയിൽ നിന്ന് ഗ്ലാസ്ഗോയ്ക്ക് സമീപമുള്ള റുഥർഗ്ലെൻ, ഹാമിൽട്ടൺ വെസ്റ്റ് പാർലമെന്ററി സീറ്റ് ലേബർ നേടി. ഫലം ലേബറിന്റെ ആകെ സ്കോട്ടിഷ് സീറ്റുകളെ ഒന്നിൽ നിന്ന് രണ്ടാക്കി മാറ്റിയതും പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
ലേബർ പാർട്ടി സ്ഥാനാർത്ഥി മൈക്കിൾ ഷാങ്‌സ് 17,845 വോട്ടുകൾ നേടി, എസ്എൻപി റണ്ണറപ്പായ കാറ്റി ലൗഡൻ നേടിയതിന്റെ ഇരട്ടിയിലധികം വരുമിത്. സ്കോട്ടിഷ് കൺസർവേറ്റീവുകൾ മൂന്നാം സ്ഥാനത്തെത്തി. ലേബർ നേതാവ് കെയർ സ്റ്റാർമർ “സീസ്മിക് ഫലം” എന്നാണ് വിജയത്തെ വിശേഷിപ്പിച്ചത്.
“ഇത് ശരിയായ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ്, പ്രധാനപ്പെട്ട ഒന്ന്,” അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. മുൻ എംപി മാർഗരറ്റ് ഫെറിയറെ 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ട്രെയിൻ യാത്ര നടത്തിയതിൻ്റെ പേരിൽ പുറത്തുപോകേണ്ടി വന്നിരുന്നു. അതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സ്കോട്ട്‌ലൻഡിൽ ലേബർ വളരെക്കാലമായി ആധിപത്യം പുലർത്തിയിരുന്നെങ്കിലും കഴിഞ്ഞ 15 വർഷമായി എസ്‌എൻപിയുടെ മേധാവിത്തമായിരുന്നു. സ്കോട്ട്‌ലൻഡ് യുകെ വിട്ട് ഒരു സ്വതന്ത്ര രാജ്യമാകണമെന്ന പൊതുജനാഭിപ്രായത്തെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് പാർട്ടി ജനപ്രീതി നേടിയത്.
അതിനിറ്റെ പാർട്ടിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടയിൽ എസ്‌എൻപി നേതാവ് നിക്കോള സ്റ്റർജിയൻ രാജിവച്ചിരുന്നു. പകരം ചുമതലയേറ്റ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ മേൽ ഈ ഉപതെരഞ്ഞെടുപ്പ് ഫലം സമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് വിലയിരുത്തൽ.
ഒരു ദശാബ്ദത്തിലേറെയായി സ്കോട്ടിഷ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന എസ്‌എൻപി അതിന്റെ ജനപ്രീതി കുറയുകയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു പുതിയ ഹിതപരിശോധനയ്ക്കുള്ള ശ്രമം ഒരു സ്തംഭനാവസ്ഥയിൽ എത്തിനിൽക്കുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല