സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലന്‍ഡില്‍ ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഖലിസ്താന്‍ അനുകൂലികള്‍. ഖലിസ്താന്‍ ഭീകരവാദി ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ മരണത്തെ തുടര്‍ന്ന് ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിയ്ക്കിടെയാണ് ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയ്ക്കു നേരെയുണ്ടായ പ്രതിഷേധം.
സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗ്ലോയില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഗുരുദ്വാര അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി ഔദ്യാഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ദൊരൈസ്വാമി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഗുരുദ്വാര പരിസരത്തേക്ക് കടന്ന ഹൈക്കമ്മീഷണറുടെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതും കാറിന്റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ ഗുരുദ്വാരയിലേക്ക് കടക്കാതെ കാര്‍ വിട്ടുപോകുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രത്യക്ഷപ്രതികരണം നടത്തിയിട്ടില്ല.
എന്നാൽ, വിഷയം യുകെയുടെ വിദേശകാര്യ ഓഫീസിനെ ഇന്ത്യ അയിച്ചിട്ടുണ്ട്. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല