ലഞ്ച് ബ്രേക്കിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് 13 കാരനായ ഒയിസിന്‍ മഗ്രാത്ത് മരിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കുട്ടിയെ ആദ്യം സ്‌കൂളിന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബെല്‍ഫാസ്റ്റിലുള്ള റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ചയോടെ കുട്ടി മരിച്ചു.
ഒയിസിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലുള്ള 17കാരനായ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. കൗണ്ടി ഫെര്‍മനാഗിലെ സെന്റ് മൈക്കിള്‍സ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ഒയിസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചതായി ഫാദര്‍ സീമസ് ക്വിന്‍ പറഞ്ഞു. ലോക്കല്‍ പാരീഷിലെ വൈദികനാണ് ഇദ്ദേഹം.
അതേസമയം കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെ മറച്ചു വെയ്ക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമം. ലഞ്ച് ബ്രേക്കിനിടെ ഒരു കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി സഹായം തേടിയെന്നും എന്നാല്‍ കുട്ടി മരിച്ചുവെന്നും സ്‌കൂളില്‍നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 18ാം തിയതി വരെ സ്‌കൂളിന് മിഡ് ടേം ബ്രേക്കാണെന്നും അതുവരെ സ്‌കൂള്‍ അടഞ്ഞ് കിടക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൗണ്ടി ഫെര്‍മനാഗിലെ ബെല്‍ക്കോ ഗെയ്‌ലിക് ഫുട്‌ബോള്‍ ടീമിലെ കളിക്കാരനായിരുന്നു ഒയ്‌സിന്‍. ഫുട്‌ബോള്‍ ക്ലബ്, അയര്‍ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍, സിന്‍ ഫെയ്ന്‍ എംപി തുടങ്ങിയവര്‍ ഒയ്‌സിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല