സ്വന്തം ലേഖകന്‍: സൗദിയെയും ഈജിപ്തിനെയും ബന്ധിപ്പിച്ച് ചെങ്കടലിനു കുറുകെ പുതിയ പാലം വരുന്നു. സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ മാതൃകയിലാകും ഏഷ്യ– ആഫ്രിക്ക കടല്‍പ്പാലം. കിങ് സല്മാന് കോസ്വേ എന്നാണ് ഈ വന്‍ പാലം അറിയപ്പെടുക.
ഈജിപ്ത് സന്ദര്‍ശിക്കുന്ന സല്മാന് രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് സീസിയും തമ്മിലുള്ള ചര്‍ച്ചയിലാണ് കടല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ധാരണയായത്. സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ റാസല്‍ ശെയ്ഖ് ഹമീദില്‍നിന്ന് ഈജിപ്തിലെ സീനായ് ഉപദ്വീപിലെ നബ്ക് പട്ടണം വരെയാണ് പാലത്തിന്റെ നീളം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫ് ഓഫ് അഖാബയുടെ പ്രവേശനകവാടമായ ഇവിടെയാണ് പാലം നിര്‍മാണത്തിന് അനുയോജ്യമെന്ന് നേരത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.
സൗദി ദേശീയപാത അഞ്ചില്‍നിന്ന് 40 കിലോമീറ്ററോളം ഉള്ളില്‍ ചെങ്കടലിലേക്ക് തള്ളിനില്ക്കുന്ന പ്രദേശമാണ് റാസ് അല്‍ ശെയ്ഖ് ഹമീദ്. ലോകപ്രശസ്ത വിനോദസഞ്ചാരമായ ശറംശെയ്ഖിനു സമീപത്താണ് നബക്.
ഇരുവന്‍കരകളും തമ്മിലുള്ള ദൂരം ഏറ്റവും കുറയുന്ന ഭാഗമാണ് ഇത്. 13 കിലോമീറ്ററാണ് ചെങ്കടലിന് ഇവിടെ വീതി. കൂടാതെ, പാലം നിര്‍മാണം അനായാസമാക്കുന്ന തിറാന്‍, സനാഫിര്‍ തുടങ്ങിയ സ്വാഭാവിക ദ്വീപുകളും ഇവിടെയുണ്ട്.
പടിഞ്ഞാറ് ചെങ്കടലിലും പാലം വരുന്നതോടെ ആഫ്രിക്കന്‍ വന്‍കരയുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ടാകും. നിലവില്‍ ഈജിപ്തുമായി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കരബന്ധമുള്ളത് ഇസ്രയേല്‍ വഴി മാത്രമാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്തതിനാല്‍ ഈ പാത ഉപയോഗിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല