സ്വന്തം ലേഖകൻ: തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിക്ക് നൽകി ഹോളിവുഡ് താരം ഷോൺ പെൻ. രാജ്യതലസ്ഥാനമായ കീവിൽ വെച്ചാണ് ഈ കൈമാറ്റം നടന്നത്. തന്റെ ടെലിഗ്രാം ചാനലിലൂടെ സെലൻസ്കി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. ഷോൺ പെന്നിന് സെലൻസ്കി യുക്രൈന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വീഡിയോയിലുണ്ട്.
യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റൺ ഗെറാഷെങ്കോയും സെലെൻസ്കി-ഷോൺ പെൻ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഓസ്കാർ ഷോൺ യുക്രൈനിന് നൽകി, തങ്ങൾക്ക് ഇതൊരു ബഹുമതിയാണെന്ന് ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു. നടനെന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഷോൺ പെൻ.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ സമയത്ത് ഇക്കഴിഞ്ഞ മാർച്ചിൽ ഷോൺ പെൻ സി.എൻ.എന്നിന് അഭിമുഖം അനുവദിച്ചിരുന്നു. സെലെൻസ്കിയുമായുള്ള തന്റെ കൂടിക്കാഴ്ചകളേക്കുറിച്ചാണ് ഇതിൽ ഷോൺ പറഞ്ഞത്. ഇത്തരം സന്ദർശനങ്ങളുടെ തുടർച്ചയെന്നോണമാണ് ഷോൺ പെൻ വീണ്ടും സെലെൻസ്കിയെ കണ്ടതും തനിക്ക് ലഭിച്ച പുരസ്കാരം യുക്രൈന് നൽകിയതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല