സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത 1.10 കോടിയില്‍ ഒന്നു മാത്രമാണ്. എങ്കിലും ഈ സാധ്യതയേയും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സീറ്റുകള്‍ സ്വാധീനിച്ചേക്കാം. വിമാനത്തിലെ ഏറ്റവും അപകട സാധ്യതയുള്ളതും ഏറ്റവും സുരക്ഷിതവുമായ സീറ്റുകളെക്കുറിച്ചാണ് സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ഡോങ് ഡ്രുറിക്ക് പറയാനുള്ളത്. മുന്‍ വശത്തെ ഇടനാഴിയില്‍ ഇരിക്കുന്നവര്‍ അപകടത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത 44 ശതമാനമാണെങ്കില്‍ പിന്‍ ഭാഗത്ത് ഇടനാഴിയോട് ചേര്‍ന്നിരിക്കുന്നവരുടെ വിമാനാപകടത്തിലെ മരണ സാധ്യത 28 ശതമാനം മാത്രമാണ്.
നിങ്ങളൊരു വിമാനാപകടത്തില്‍ പെട്ടാലും ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യതക്ക് തിരഞ്ഞെടുക്കുന്ന സീറ്റുമായും ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 1989ലെ യുണൈറ്റഡ് ഫ്‌ളൈറ്റ് 323 ലോവയിലെ സയോക്‌സ് സിറ്റിയില്‍ വച്ച് തകര്‍ന്നിരുന്നു. ഈ അപകടത്തില്‍ 184 പേര്‍ കൊല്ലപ്പെടുകയും 269 പേര്‍ ജീവനോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അന്ന് പിന്‍നിരയില്‍ സീറ്റ് ലഭിച്ചവര്‍ക്കാണ് ജീവൻ തിരികെ കിട്ടിയത്.
വിമാനാപകടകങ്ങളെക്കുറിച്ച് ടൈം നടത്തിയ 35 വര്‍ഷം നീണ്ട അന്വേഷണത്തില്‍ പിന്‍ഭാഗത്തെ മൂന്നിലൊന്ന് ഭാഗം സീറ്റുകളില്‍ 32 ശതമാനമാണ് മരണസാധ്യതയെന്ന് കണ്ടെത്തിയിരുന്നു. മധ്യഭാഗത്തെ സീറ്റുകളിലും മുന്നിലും ഇത് യഥാക്രമം 39ഉം 38ഉം ശതമാനമാണ്. വിമാനങ്ങളിലെ എമര്‍ജന്‍സി വാതിലിനോട് ചേര്‍ന്നിരിക്കുന്നവര്‍ പെട്ടെന്ന് തന്നെ പുറത്തെത്താനും അങ്ങനെ ജീവനോടെ രക്ഷപ്പെടാനുമുള്ള സാധ്യത കൂടുതലാണെന്നും ഗ്രീന്‍വിച്ച് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു.
ലോകമെങ്ങും നടന്ന 105 വിമാനാപകടങ്ങളില്‍ രക്ഷപ്പെട്ട രണ്ടായിരത്തോളം പേര്‍ ഇരുന്ന സീറ്റുകളെക്കുറിച്ച് പഠിച്ച ശേഷമാണ് ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ സുരക്ഷിത സീറ്റുകളെക്കുറിച്ച് പറഞ്ഞത്. വിമാനത്തിന് തീ പിടിക്കുകയാണെങ്കില്‍ ജനലിനരികില്‍ ഇരിക്കുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത 58 ശതമാനവും ഇടനാഴിയോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് 65 ശതമാനവുമാണ്. മുന്‍ ഭാഗത്തുള്ളവര്‍ക്ക് 65 ശതമാനം രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കില്‍ പിന്നിലുള്ളവര്‍ക്ക് അത് 53 ശതമാനമായി കൂടും.
എല്ലാ വിമാനങ്ങളും 90 സെക്കൻഡിനുള്ളില്‍ യാത്രക്കാരെ പൂര്‍ണമായും ഒഴിപ്പിക്കാനുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ നിയന്ത്രിത സാഹചര്യങ്ങളിലേതു പോലെയാവണമെന്നില്ല ഒരു അപകട സാഹചര്യത്തിലെ യാത്രക്കാരുടെ പെരുമാറ്റം. പലപ്പോഴും പുറത്തേക്കുള്ള വഴികള്‍ മുഴുവനായും തുറക്കാനാവില്ല. യാത്രക്കാര്‍ അപകടത്തില്‍ പരുക്കേറ്റും ഭയന്നുമൊക്കെയാവും ഉണ്ടാവുക. കാബിന്‍ ക്രൂ കൊല്ലപ്പെട്ട സാഹചര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളില്ലാത്ത അവസ്ഥകളും സംഭവിച്ചേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല