സ്വന്തം ലേഖകന്‍: 24 മണിക്കൂറിനപ്പുറത്തേക്ക് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ നിഗമനത്തെ അതിജീവിച്ച് കാലിഫോര്‍ണിയയിലെ ഷാര്‍പ്പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സേബി. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിന്റെ ഭാരം മാത്രമാണ് ഈ പെണ്‍കുഞ്ഞിനുണ്ടായിരുന്നത്. ഒരു ദിവസത്തെ ആയുസ് പ്രതീക്ഷിച്ച ഡോക്ടര്‍മാരെ അമ്പരിപ്പിച്ചു കൊണ്ട് അവളുടെ ആയുസ് ദിവസങ്ങളും മാസങ്ങളും നീണ്ടു. ഇപ്പോള്‍ അഞ്ച് മാസത്തെ ആശുപത്രിവാസത്തിന് ശേഷം സേബി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തി.Saybie
മാതാപിതാക്കളുടെ സ്വകാര്യതയെ മുന്‍നിര്‍ത്തിയാണ് ഇത്രയും നാള്‍ കുഞ്ഞിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വിടാത്തതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവള്‍ ഒരദ്ഭുതം തന്നെയാണെന്ന് ആശുപത്രിയില്‍ സേബിയെ പരിചരിച്ച നഴ്‌സുമാരില്‍ ഒരാളായ കിം നോര്‍ബി പറഞ്ഞു. ഇല്ലെങ്കില്‍ ഇത്രയും ഭാരം കുറഞ്ഞ ശിശുവിന്റെ അതിജീവനം അസാധ്യമായിരുന്നുവെന്നാണ് കിം പറയുന്നത്.
2018 ഡിസംബര്‍ 23 നാണ് സേബിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അമ്മയ്ക്കുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് ഗര്‍ഭത്തിന്റെ 23 ആഴ്ചയായപ്പോള്‍ സിസേറിയനിലൂടെ സേബിയെ പുറത്തെടുക്കുകയായിരുന്നു. രക്തസമ്മര്‍ദം പെട്ടെന്നുയര്‍ന്ന സേബിയുടെ അമ്മയുടെ ജീവന് ഭീഷണിയായതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അങ്ങനെ 245 ഗ്രാം മാത്രം ഭാരമുള്ള ശിശുവിനെ പുറത്തെടുത്തു.
ഭാരം കുറഞ്ഞ, ഗര്‍ഭകാലം പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വൈഷമ്യങ്ങളൊന്നും സേബിക്കുണ്ടാകാത്തത് അവളുടെ അതിജീവനം കൂടുതല്‍ എളുപ്പമാക്കുകയായിരുന്നു. ആന്തരാവയവങ്ങള്‍ക്കുള്ളിലെ രക്തസ്രാവമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ കുഞ്ഞിനുണ്ടായില്ല. മറ്റു പ്രശ്‌നങ്ങളൊന്നും പ്രകടിപ്പിക്കാതെ 2.2 കിലോഗ്രാം ഭാരവുമായി മെയ് പകുതിയോടെ സേബി വീട്ടിലെത്തി.
ഏറ്റവും കുറവ് ഭാരവുമായി ജനിച്ച് ജീവിക്കുന്ന കുഞ്ഞ് എന്ന റിക്കോര്‍ഡ് ഇനി സേബിയുടെ സ്വന്തമാണ്. 2015 ല്‍ ജര്‍മനിയില്‍ ജനിച്ച ശിശുവാണ് നിലവില്‍ ഈ റിക്കോര്‍ഡിനുടമ. എന്നാല്‍ സേബിയ്ക്ക് ആ കുട്ടിയേക്കാള്‍ ഏഴു ഗ്രാം ഭാരം കുറവാണ്. നിയോ നാറ്റല്‍ ഐസിയുവില്‍ നിന്ന് സേബി ഗ്രാജ്വേഷന്‍ തൊപ്പിയൊക്കെ അണിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല