ജോസ് കുര്യാക്കോസ്: ആഗസ്റ്റ് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനില്‍ ശക്തരായ ആത്മീയ ശുശ്രൂഷകള്‍ ഒന്നു ചേരുന്നു; ആയിരങ്ങള്‍ക്ക് ആത്മ നിറവേകുവാന്‍ അവധിക്കാല കണ്‍വന്‍ഷന്‍ നവീകരണ രംഗത്തെ ശക്തരായ 4 വ്യക്തികള്‍ ഒന്നു ചേരുന്ന ഓഗസ്റ്റ് മാസ കണ്‍വന്‍ഷന്‍ അഭിഷേകത്തിന്റെ ആത്മമാരി ദൈവജനത്തിലേക്ക് ഒഴുക്കും. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമജീവിതം തിരഞ്ഞെടുത്ത ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്‌ഡൊണാള്‍ഡ്, വര്ഷം മുഴുവന്‍ തിരക്കുള്ള വ്യക്തിയായി മാറിയിരിക്കുന്നു. തന്റെ റിട്ടയര്‍മെന്റും ഇപ്പോഴുള്ള ശക്തമായ നവീകരണ ശുശ്രൂഷകളും, ആര്‍ച്ച് ബിഷപ്പിന്റെ സാന്നിധ്യവും ഓരോ മാസവും വര്‍ധിച്ചു വരുന്ന ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്കു അഭിഷേകത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കും.
ആഫ്രിക്കന്‍ ഭദ്രാസനത്തില്‍ പരിശുദ്ധാത്മാവിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. ആന്റണി പറങ്കിമാലില്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനില്‍ ദൈവവചനത്തിന്റെ പ്രവാചക ശബ്ദമായി മാറും.
കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകരുടെ മുന്‍നിരയിലേക്ക് ദൈവാത്മാവ് വഴി നടത്തുന്ന ബ്ര. സാബു ആറുതൊട്ടിയില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ അത്ഭുതകരമായ രോഗശാന്തികള്‍ക്കു ബഥേല്‍ സാക്ഷ്യം വഹിക്കും.
യുവതിയുവാക്കള്‍ക്കൊപ്പം പോളണ്ടില്‍ വേള്‍ഡ് യൂത്ത് ഡേ പ്രോഗ്രാമിന് ശേഷം എത്തിച്ചേരുന്ന ഫാ. സോജി ഓലിക്കല്‍ രാവിലെ 8 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കും. ‘ഹോളി ഫയര്‍ കാത്തലിക് വര്‍ഷിപ്പ് കമ്മ്യൂണിറ്റി’ നേതൃത്വം നല്‍കുന്ന പ്രെയ്‌സ് വര്‍ഷിപ്പ് ഈ കണ്‍വന്‍ഷന്റെ പ്രത്യേകതയായിരിക്കും. 20 ല്‍ അധികം ശുശ്രൂഷകര്‍ ഒന്ന് ചേര്‍ന്ന് മെയിന്‍ സ്‌റ്റേജില്‍ ഒരു മണിക്കൂറോളം ദൈവജനത്തെ സ്വര്‍ഗീയസംഗീതത്തിന്റെ അഭിഷേകത്തിലേക്ക് വഴിനടത്തും.
അതിശക്തമായ ആത്മീയ ശുശ്രൂഷകളാണ് ഈ കാലയളവില്‍ സെഹിയോന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബെല്‍ഫാസ്‌ററ്, ഐയര്‍ലാന്‍ഡ് എന്നിവടങ്ങളില്‍ കുട്ടികള്‍ക്കായി നടന്ന ശുശ്രൂഷകള്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് യേശുവിനെ കുറിച്ചറിയുവാന്‍ കാരണമായി.യുവതിയുവാക്കള്‍ക്കായി നടന്ന സ്വിന്‍ഡന്‍ SOE, ടീനേജ് കുട്ടികള്‍ക്കായി നടന്ന ഹണ്ടിങ്ട്ടന്‍ SOE തുടങ്ങിയവ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹദായകമായി മാറി. വേള്‍ഡ് യൂത്ത് ഡേ ട്രിപ്പ്, ഒറീസ മിഷന്‍, അമേരിക്കന്‍ യുവതിയുവാക്കള്‍ ഒത്തു ചേര്‍ന്ന അട്ടപ്പാടി റിട്രീറ്റ്, കേരളത്തില്‍ നടക്കുന്ന ഫയര്‍ ആന്‍ഡ് ഗ്ലോറി കോണ്‍ഫറന്‍സ് തുടങ്ങിയവ അവധിക്കാല ശുശ്രൂകളുടെ ആകര്‍ഷണമാണ്.
ഡാര്‍ലിംഗ്ട്ടണിലും ലണ്ടനിലും നടത്തപ്പെടുന്ന യുവതീയുവാക്കളുടെ ധ്യാനങ്ങള്‍ക്കു സെഹിയോന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പാലാ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആയിരുന്ന ഫാ. ജോസഫ് സ്രാമ്പിക്കല്‍ സീറോ മലബാര്‍ സഭയുടെ പ്രഥമമെത്രാനായി കടന്നുവരുമ്പോള്‍ യൂറോപ്പിന്റെ പുനഃ:സുവിശേഷവത്ക്കരണത്തിന് ആകാം കൂടുമെന്നതില്‍ സംശയമില്ല.
യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുവാന്‍ പരിശുദ്ധാത്മാവ് അനേകരെ ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുന്ന ആത്മാക്കളെ വീണ്ടെടുക്കുവാന്‍, ആയിരങ്ങളുടെ കണ്ണീരൊപ്പി പ്രത്യാശ പകരാന്‍ നമുക്ക് ഒന്ന് ചേര്‍ന്ന് അദ്ധ്വാനിക്കാം. ഈ അവധിക്കാലത്തിന്റെ പ്രത്യേക അജണ്ടയായി മാറട്ടെ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍. സ്വര്‍ഗാരോഹണ തിരുനാളിന്റെ പ്രാര്‍ത്ഥനാ മംഗളങ്ങളോടെ ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല