സ്വന്തം ലേഖകന്‍: ഫ്രഞ്ച്, ബ്രിട്ടീഷ് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നിര്‍ബന്ധമാക്കി ഫ്രാന്‍സ്, ബ്രിട്ടനില്‍ 15 മണിക്കൂര്‍ ഗതാഗത കുരുക്ക്. ബ്രിട്ടനില്‍ അവധി ചെലവഴിക്കാനെത്തിയവരാണ് ഡൊവറില്‍ നിന്നും ഞായറാഴ്ച ഫ്രാന്‍സിലേക്ക് കടക്കാനായി പതിനഞ്ച് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. ഫ്രഞ്ച് അതിര്‍ത്തി പോലീസിന്റെ പരിശോധനക്കായി 19 കിലോമീറ്ററോളം വാഹനങ്ങള്‍ നീണ്ടനിരയായി കാത്തുകിടന്നു. കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ പിഞ്ചുകുട്ടികളും രോഗികളും ഏറെ കഷ്ടപ്പെട്ടു.
വേനവധി ആഘോഷിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ പരിശോധിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതില്‍ ഫ്രാന്‍സ് വീഴ്ചവരുത്തിയതാണ് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണം. യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള പ്രധാന കടത്ത് തുറമുഖമാണ് ഡൊവര്‍.
ഗതാഗതക്കുരുക്കില്‍ പെട്ടവരില്‍ നിരവധി രോഗികളുമുണ്ടായിരുന്നു. സ്‌റ്റെം സെല്‍ ചികിത്സയ്ക്കായി ജര്‍മ്മനിയിലെ ക്ലിനിക്കുകളിലേക്ക് പോയ രോഗികളും ഇതിലുണ്ട്. 20 മണിക്കൂറോളം കാറില്‍ കഴിയേണ്ടിവന്നത് തന്നെ ശരിക്കും വിഷമിപ്പിച്ചുകളഞ്ഞുവെന്ന് 50കാരിയായ ടന്യ കുഡ്‌വര്‍ത്ത് എന്ന രോഗി പറഞ്ഞു. ഇത് തന്റെ ആരോഗ്യനില വഷളാക്കി. കടുത്ത ചൂടും കുടിവെള്ളത്തിന്റെ ക്ഷാമവും പകലിനെ കടുപ്പമുള്ളതാക്കിയപ്പോള്‍ രാത്രിയില്‍ കാര്‍ ഓടിക്കേണ്ടിവന്നതും ക്ലേശകരമായിരുന്നുവെന്ന് അവര്‍ പറയുന്നു.
പുലര്‍ച്ചെ മൂന്നു മണിവരെ കുടിവെള്ളം കിട്ടിയില്ല. കുട്ടികളും വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്തവരും വെള്ളം കിട്ടാതെ ക്ലേശിക്കുന്നുണ്ടായിരുന്നു. അതിനിടെ ഭക്ഷണവും വെള്ളവും വിതരണം ചെയ്യാന്‍ സിഖ് മനുഷ്യാവകാശ സംഘടനയായ ഖല്‍സ എയ്ഡും രംഗത്തുവന്നത് യാത്രക്കാര്‍ക്ക് കുറച്ചൊക്കെ ആശ്വാസമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല